Football

മെസിയുടെ പെനല്‍റ്റി നഷ്ടം ലോക കിരീടത്തിലേക്കുള്ള ആദ്യ സൂചന!!

അയ്യേ, ലയണല്‍ മെസി പെനല്‍റ്റി നഷ്ടപ്പെടുത്തിയില്ലേ എന്ന് കളിയാക്കുന്നവര്‍ ശ്രദ്ധിക്കുക… നിങ്ങള്‍ ഒരുപക്ഷേ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ അവഗാഹം ഉള്ളവര്‍ ആയിരിക്കില്ല… പെനല്‍റ്റി കിക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വരെ ചരിത്രത്തിന്റെ ഭാഗം. എന്നാല്‍, നിങ്ങള്‍ക്ക് ഓനെ തട്ടിക്കൂടെ എന്നായിരിക്കാം അടുത്ത കളിയാക്കല്‍… പക്ഷേ, ഇങ്ങള്‍ അങ്ങനെ പറഞ്ഞാ നുമ്മളുടെ കാര്യം നടക്കില്ലല്ലോ, ഏത്… ലോകകപ്പ് കിരീടം എന്ന കാര്യം… അതുതന്നെ…

ഏതായാലും കളിയാക്കുന്നവര്‍ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. അര്‍ജന്റീന 1978ലും 1986ലും ലോകകപ്പ് കിരീടം നേടിയപ്പോള്‍ അവരുടെ വിഖ്യാത താരങ്ങളായ മാരിയൊ കെംപസും ഡിയേഗോ മാറഡോണയും പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഖത്തര്‍ ലോകകപ്പ് കിരീടം അര്‍ജന്റീന നേടും എന്നതിന്റെ ആദ്യ സൂചനയാണോ ഗ്രൂപ്പ് സിയില്‍ പോളണ്ടിന് എതിരായ ലയണല്‍ മെസിയുടെ പെനല്‍റ്റി നഷ്ടം…?

ഈ ചോദ്യത്തിന്റെ ഉത്തരം ഇപ്പോള്‍ പറയുക അസാധ്യം, അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. എങ്കിലും പോളണ്ടിന് എതിരേ മെസി പെനല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ അര്‍ജന്റൈന്‍ ആരാധകരുടെ ഹൃദയം വേദനിച്ചു എന്നത് വാസ്തവം. ഒരുവേള ശ്വാസം നിലച്ചുപോയ നിമിഷമായിരുന്നു അത്. മെസിയുടെ എതിരാളികള്‍ അത് ആഘോഷിക്കുന്നും ഉണ്ട്.

എന്നാല്‍, മറ്റൊരു വാസ്തവം പോളണ്ട് ഗോളി വോഹ്സിച്ച് സാക്സെനി മനപ്പൂര്‍വ്വമല്ലാതെ മെസിയുടെ മുഖത്ത് ഗ്ലൗകൊണ്ട് ഇടിച്ചതിനായിരുന്നു റഫറി വിഎആറിന്റെ സഹായത്തോടെ പെനല്‍റ്റി വിധിച്ചത്. പന്തിന്റെ ഗതിക്ക് അനുസരിച്ച് പോളിഷ് ഗോള്‍കീപ്പര്‍ നടത്തിയ ഒരു മൂവ്മെന്റിനിടയിലായിരുന്നു സംഭവം. കിക്കെടുത്ത മെസിക്ക് അത് ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചുമില്ല. എന്നാല്‍, ഏറ്റവും രസകരം മെസിയുടെ ഈ പെനല്‍റ്റി നഷ്ടം ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി എന്നതാണ്.

1978 ലോകകപ്പില്‍ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ മാരിയൊ കെംപസ് അര്‍ജന്റീനയ്ക്ക് ലഭിച്ച പെനല്‍റ്റികിക്ക് നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍, 1978ല്‍ അര്‍ജന്റീന ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. 1986 ലോകകപ്പിലും മൂന്നാം മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. അന്ന് സാക്ഷാല്‍ ഡിയേഗോ മാറഡോണയായിരുന്നു പെനല്‍റ്റി നഷ്ടപ്പെടുത്തിയത്.

2022 ലോകകപ്പില്‍ ഇതാ ലയണല്‍ മെസിയും അര്‍ജന്റീനയുടെ മൂന്നാം മത്സരത്തില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയിരിക്കുന്നു. മറ്റൊരു സാമ്യത കൂടിയുണ്ട് കെംപസും മാറഡോണയും മെസിയും അര്‍ജന്റീനയുടെ 10-ാം നമ്പറുകാരാണ്… 1978ല്‍ ഗോള്‍ഡന്‍ ബോള്‍ ജേതാവായിരുന്നു മാരിയൊ കെംപസ്. 1986 ലോകകപ്പിലെ മികച്ചതാരമായത് ഡിയേഗോ മാറഡോണയും.

അതേസമയം, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് പെനല്‍റ്റി നഷ്ടപ്പെടുത്തുന്ന ആദ്യതാരവുമായി ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ പോളണ്ടിനെ 0-2നു കീഴടക്കിയ അര്‍ജന്റീന ഒന്നാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് ഡി രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12.30നാണ് അര്‍ജന്റീന-ഓസ്ട്രേലിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

Related Articles

Back to top button