Cricket

മുംബൈ ക്യാമ്പില്‍ തമ്മിലടി രൂക്ഷം!! ഹാര്‍ദിക് വന്നതും നെറ്റ്‌സില്‍ നിന്ന് സ്ഥലം കാലിയാക്കി രോഹിതും സൂര്യയും…

ഈ ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ആരംഭിച്ച അഭിപ്രായ ഭിന്നത സീസണ്‍ അവസാനിക്കാറാവുമ്പോള്‍ അതിരൂക്ഷമായതായി സൂചന.

സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ക്യാമ്പില്‍ പ്രശ്‌നങ്ങളാണ്.

ടീം തുടര്‍ച്ചയായി മത്സരങ്ങള്‍ തോറ്റത് ടീമിലെ അന്തരീക്ഷം കൂടുതല്‍ കലാപ കലുഷിതമാക്കി. ഹാര്‍ദിക്കിനെതിരേ ടീമിലെ സീനിയര്‍ താരങ്ങള്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ താരങ്ങള്‍ക്കിടയിലെ പോര് മൂര്‍ച്ഛിച്ചതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്സ് സെഷനിടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയതും രോഹിതും സൂര്യകുമാര്‍ യാദവും പരിശീലനം നിര്‍ത്തി പോയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ മത്സരത്തിന് മുമ്പായിരുന്നു സംഭവം. നെറ്റ്സില്‍ ബാറ്റുചെയ്തതിന് ശേഷം സൂര്യകുമാറിനും തിലക് വര്‍മയ്ക്കുമൊപ്പം ഇരിക്കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍ രോഹിത്.

ഇതിനിടെയാണ് ഹാര്‍ദിക് പരിശീലനത്തിനായി ഗ്രൗണ്ടിലേക്കിറങ്ങിയത്. ഇതു കണ്ട മൂവര്‍ സംഘം ഗ്രൗണ്ടിന്റെ മറുഭാഗത്തേക്ക് പോയെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഹിതും ഹാര്‍ദികും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് മുമ്പേ തന്നെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കളിക്കളത്തില്‍ ഇരുവരും അത് കാണിക്കാറില്ല.

കളിച്ച 13 കളികളില്‍ ഒമ്പതിലും പരാജയപ്പെട്ട മുംബൈ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീമായി മാറിയിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍. ലക്‌നൗവിനെതിരേ ഒരു മത്സരം മാത്രമാണ് മുംബൈയ്ക്ക് ഇനി അവശേഷിക്കുന്നത്. മെയ് 17നാണ് മത്സരം.

Related Articles

Back to top button