Football

ആഷിക് ഇന്ത്യയെ രക്ഷിച്ചു; ഭാഗ്യത്തിന് സിംഗപ്പൂരിനോട് തോറ്റില്ല!!

ഇന്ത്യയേക്കാള്‍ ഫിഫ റാങ്കിംഗില്‍ ഏറെ പിന്നിലുള്ള സിംഗപ്പൂരിനോട് സമനിലയില്‍ രക്ഷപ്പെട്ട് ഇന്ത്യ. വിയറ്റ്‌നാമില്‍ നടന്ന മല്‍സരത്തില്‍ 1-1 നാണ് മല്‍സരം അവസാനിപ്പിച്ചത്. ആദ്യം വലകുലുക്കിയത് സിംഗപ്പൂരാണ്. ആദ്യ പകുതി അവസാനിക്കും മുമ്പ് ആഷിക് കുരുണിയനിലൂടെ ഇന്ത്യ സമനില കണ്ടെത്തി. 27ന് ഇന്ത്യ ഇനി വിയറ്റ്‌നാമിനെ നേരിടും.

രണ്ട് ടീമുകളും പതിഞ്ഞ താളത്തിലാണ് കളിച്ചു തുടങ്ങിയത്. എതിരാളിയെ ഗോളടിക്കാന്‍ അനുവദിക്കരുതെന്ന നിര്‍ബന്ധമുള്ളതോടെ കളി പുരോഗമിച്ചതോടെ വേഗവും കുറഞ്ഞു.

തുടക്കത്തില്‍ ഇന്ത്യയാണ് പന്ത് കൂടുതല്‍ കൈവശം വച്ചതെങ്കിലും ഗോള്‍ നേടിയത് സിംഗപ്പൂരാണ്. പോസ്റ്റിന് വെളിയില്‍ നിന്ന് കിട്ടിയ ഫ്രീകിക്ക് പ്രതിരോധ താരം ജീക്സണ്‍ സിങ്ങിന്റെ ദേഹത്തു തട്ടി ദിശ മാറിയാണ് ഇന്ത്യന്‍ വലയില്‍ കയറിയത്. കളിയുടെ ഗതിക്ക് എതിരായ ഗോളാണിതെന്ന് പറയാം.

പിന്നിലായതോടെ ഇഗോര്‍ സ്റ്റിമാച്ചിന്റെ കുട്ടികള്‍ ഉണര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അതിന്റെ റിസല്‍ട്ടും കണ്ടു. മൈതാന മധ്യത്തു നിന്ന് മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് ഇന്റര്‍സെപ്റ്റ് ചെയ്തെടുത്ത പന്താണ് ഗോളില്‍ കലാശിച്ചത്. സഹല്‍ നല്‍കിയ പാസ് ക്യാപറ്റന്‍ സുനില്‍ ഛേത്രി ബോക്സിന് മുമ്പില്‍ ആഷിഖിന് മറിച്ചു നല്‍കി. ഗോളി മാത്രം മുമ്പില്‍ നില്‍ക്കെ ആഷിക് മികച്ച ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.

രണ്ടാംപകുതിയില്‍ രണ്ട് ടീമിനും കുറെയേറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഫിനിഷിംഗ് മികവ് ഇരുകൂട്ടര്‍ക്കും നിരാശ സമ്മാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ കകോച്ചിന് അടുത്ത ഏഷ്യാകപ്പ് വരെ കരാര്‍ നീട്ടി നല്‍കിയത്.

Related Articles

Back to top button