Cricket

രാഹുലിനെ കെട്ടിപ്പിടിച്ച് ഗോയങ്ക!! ഗ്രൗണ്ടിലെ ശകാരത്തിന് വസതിയില്‍ അത്താഴ വിരുന്നൊരുക്കി…

സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ മത്സരത്തില്‍ ലഖ്‌നൗ ദാരുണമായി പരാജയപ്പെട്ടതിനു പിന്നാലെ ടീമിന്റെ നായകന്‍ കെ എല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക കയര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിരവധി പേരാണ് ഗോയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ മുമ്പ് എംഎസ് ധോണിയോട് ഗോയങ്ക ചെയ്ത പ്രവൃത്തിയൊക്കെ ആരാധകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാഹുലിനെ ഗോയങ്ക വിരുന്നിന് ക്ഷണിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഒരു ദിവസം മുന്നെയാണ് സംഭവം.

സഞ്ജീവ് ഗോയങ്കയുടെ ന്യൂഡല്‍ഹിയിലെ വസതിയിലാണ് രാഹുലിന് വേണ്ടി വിരുന്ന് ഒരുക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് വേണ്ടി ഡല്‍ഹിയിലെത്തിയതാണ് രാഹുലും സംഘവും.

ഇതിനിടയിലാണ് ഗോയങ്ക രാഹുലിനെ വിരുന്നിന് ക്ഷണിച്ചത്. രാഹുലിനെ ആലിംഗനം ചെയ്യുന്ന ഗോയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ലഖ്നൗ പരാജയം വഴങ്ങിയത്. ലഖ്‌നൗ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം വെറും 9.4 ഓവറിലാണ് ഹൈദരാബാദ് മറികടന്നത്.

ഇതിന് പിന്നാലെയാണ് സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ടീം നായകന്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവം വിവാദമായതോടെ ആരാധകരും മുന്‍ താരങ്ങളും സഞ്ജീവ് ഗോയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയ്‌ക്കെതിരേ നടന്ന മത്സരത്തിലും പരാജയപ്പെട്ടതോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മിക്കവാറും അവസാനിച്ചിരിക്കുകയാണ്. അടുത്ത മത്സരം വിജയിച്ചാല്‍ പോലും റണ്‍റേറ്റില്‍ ഏറെ പിന്നിലുള്ള ലഖ്‌നൗ പ്ലേ ഓഫിലെത്തുക ഏറെക്കുറെ അസാധ്യമാണ്.


ഇന്നലത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ ലഖ്‌നൗവിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189ല്‍ അവസാനിച്ചു. ഡല്‍ഹിയുടെയും പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.

രാജസ്ഥാനും കൊല്‍ക്കത്തയുമാണ് നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് അവശേഷിക്കുന്ന രണ്ടു സ്ഥാനങ്ങള്‍ക്കായി പോരാടുന്നത്.

ചെന്നൈയ്ക്കും സണ്‍റൈസേഴ്‌സിനും പ്ലേ ഓഫ് ഓരോ ജയം മാത്രം അകലെയുള്ളപ്പോള്‍ ചെന്നൈയ്‌ക്കെതിരേ മെച്ചപ്പെട്ട വിജയം നേടുകയാണ് ബംഗളൂരുവിനു മുമ്പിലുള്ള വഴി.

ബംഗളൂരു ചെറിയ വിജയമാണ് നേടുന്നതെങ്കില്‍ സണ്‍റൈസേഴ്‌സ് രണ്ടു മത്സരങ്ങളിലും തോല്‍ക്കുക മാത്രമായിരിക്കും അവരുടെ മുമ്പിലുള്ള മറ്റൊരു വഴി.

Related Articles

Back to top button