Football

പഴയ ബൂട്ട് കൊടുത്ത് അപമാനിച്ചു; നൈക്കിയെ ഒഴിവാന്‍ വിനീഷ്യസ്!

ലോക ഫുട്‌ബോളിലെ പകരം വയ്ക്കാനില്ലാത്ത യുവതാരങ്ങളില്‍ ഒരാളാണ് വിനീഷ്യസ് ജൂണിയര്‍. ലോകകപ്പില്‍ ബ്രസീലിനായി തകര്‍ത്തു കളിക്കുന്ന താരം വിവിധ ആഗോള ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. കളിയിലും കളത്തിനു പുറത്തും വലിയ നേട്ടങ്ങള്‍ ചുരുങ്ങിയ പ്രായത്തിനുള്ളില്‍ സ്വന്തമാക്കാന്‍ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്.

വിനീഷ്യസ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആഗോള സ്‌പോര്‍ട്‌സ് നിര്‍മാതാക്കളായ നൈക്കിയുമായുള്ള കരാര്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളുടെ പേരിലാണ്. 2028 വരെ നൈക്കിയുമായി കരാറുള്ള യുവതാരം അവരുടെ സമീപനത്തില്‍ തീര്‍ത്തും അസ്വസ്ഥനാണ് ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോ റിപ്പോര്‍ട്ട് ചെയ്തു.

നൈക്കി വിനീഷ്യസിന് കഴിഞ്ഞ സീസണില്‍ നല്‍കിയ ബൂട്ടുകളാണ് അതൃപ്തിക്ക് കാരണം. തനിക്ക് കിട്ടിയത് പഴയ ബൂട്ടുകളാണെന്നാണ് വിനീഷ്യസിന്റെ പരാതി. പഴയതാണോ അതോ പഴയ മോഡലാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മാത്രമല്ല, നൈക്കിയുടെ പരസ്യങ്ങളുടെ തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടാത്തതും താരത്തെ ചൊടിപ്പിച്ചു.

ലോക ബ്രാന്‍ഡുകള്‍ പിന്നാലെ നടക്കുന്ന തനിക്ക് നൈക്കി തരുന്ന പ്രാധാന്യം കുറവാണെന്നാണ് വിനീഷ്യസിന്റെ വാദം. കരാര്‍ റദ്ദാക്കാന്‍ താരത്തിന്റെ അഭിഭാഷകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നെയ്മറിന് ശേഷം പാതിവഴിയില്‍ നൈക്കിയുമായുള്ള കരാര്‍ ഒഴിവാക്കുന്ന രണ്ടാമത്തെ താരമാണ് വിനീഷ്യസ്. 2020ലാണ് നെയ്മര്‍ നൈക്കിയെ ഒഴിവാക്കിയത്.

നിലവില്‍ ബ്രസീല്‍ ടീമിനൊപ്പം ഖത്തര്‍ ലോകകപ്പ് കളിക്കുന്ന വിനീഷ്യസ് നൈക്കിയുടെ ബൂട്ടണിഞ്ഞാണ് കളത്തിലിറങ്ങുന്നത്. പെപ്‌സി, വിവോ, വണ്‍ഫുട്‌ബോള്‍, റോയലിറ്റ്‌സ് തുടങ്ങി ആഗോള ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് വിനീഷ്യസ്.

Related Articles

Back to top button