Football

ദേശീയ ഗാനം പാടാതെ ഇറാന്‍ താരങ്ങളുടെ പ്രതിഷേധം!! കരിയര്‍ വെള്ളത്തിലാകുമോ?

ഫിഫ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരേ 6-2 ന് തോറ്റെങ്കിലും ചില ഘട്ടങ്ങളിലെങ്കിലും പതിവു പോരാട്ടവീര്യം കാഴ്ച്ചവയ്ക്കാന്‍ ഇറാന് സാധിച്ചിരുന്നു. എന്നാല്‍ വന്‍ തോല്‍വിയേക്കാള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഇറാന്‍ താരങ്ങളുടെ ദേശീയ ഗാന സമയത്തെ പ്രവര്‍ത്തിയാണ്.

സാധാരണ ലോകകപ്പ് വേദികളില്‍ ഇരുടീമിന്റെയും ദേശീയ ഗാന സമയത്ത് കളിക്കാര്‍ തങ്ങളുടെ ദേശീയഗാനം ഏറ്റുചൊല്ലാറുണ്ട്. എന്നാല്‍ ഇറാന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ മല്‍സര സമയത്ത് ദേശീയ ഗാനം ചൊല്ലിയില്ലെന്ന് മാത്രമല്ല നിസംഗ മനോഭാവത്തോടെയാണ് നിലയുറപ്പിച്ചത്.

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളോട് അനുഭാവം പ്രകടിപ്പിച്ചാണ് താരങ്ങള്‍ ദേശീയ ഗാന സമയത്ത് മൗനം പാലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കഴിഞ്ഞ ദിവസം അവരുടെ ക്യാപ്റ്റന്‍ തന്നെ പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഇറാന്‍ താരങ്ങളുടെ ദേശീയഗാന സമയത്തെ പ്രവര്‍ത്തികള്‍ അവരുടെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് എത്തിച്ചേക്കുമെന്ന വിശകലനങ്ങളും പുറത്തു വരുന്നുണ്ട്. ഇറാന്‍ ഭരണകൂടത്തിന്റെ എതിര്‍പ്പ് മറികടന്ന് സ്വന്തം രാജ്യത്ത് ഫുട്‌ബോള്‍ കരിയര്‍ കെട്ടിപ്പൊക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ താരങ്ങളുടെ ഭാവിയില്‍ അനിശ്ചിതത്വം ഉണ്ടായാലും അത്ഭുതപ്പെടാനില്ല.

Related Articles

Back to top button