FootballISL

ഈസ്റ്റ് ബംഗാളിന്റെ ‘കൈവിട്ട ചതിയില്‍’ ബ്ലാസ്‌റ്റേഴ്‌സിന് മാത്രമല്ല നഷ്ടം!! ഷീല്‍ഡില്‍ കളി കാര്യമാകും!!

വ്യാഴാഴ്ച്ച രാത്രി നടന്ന ഒഡീഷ എഫ്‌സി-ഈസ്റ്റ് ബംഗാള്‍ മല്‍സരം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ആദ്യ മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാളിനായി മലയാളിതാരം വിഷ്ണു വലകുലുക്കിയതോടെ ഏവരും ഞെട്ടി. കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ടോപ് സിക്‌സില്‍ നിന്നിരുന്ന ടീമുകള്‍ സന്തോഷിച്ച നിമിഷമായിരുന്നു അത്.

എന്നാല്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് ജയത്തോടെ ഒഡീഷ 3 നിര്‍ണായക പോയിന്റുകള്‍ കീശയിലാക്കി. ഈസ്റ്റ് ബംഗാള്‍ മോഹിപ്പിച്ച് തോറ്റപ്പോള്‍ മുന്‍നിരക്കാര്‍ക്ക് ഒഡീഷയുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരമാണ് നഷ്ടമായത്.

നിലവില്‍ ബ്ലാസ്റ്റേഴ്‌സും ഒന്നാമതുള്ള ഒഡീഷയും തമ്മിലുള്ള വ്യത്യാസം 6 പോയിന്റാണ്. 16 മല്‍സരം കളിച്ച ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ ഒരെണ്ണം കൂടുതല്‍ ഒഡീഷ കളിച്ചിട്ടുണ്ട്. അടുത്ത് വരുന്ന മല്‍സരങ്ങളില്‍ ഈ വ്യത്യാസം കുറയ്ക്കാനായില്ലെങ്കില്‍ മഞ്ഞപ്പടയെ സംബന്ധിച്ച് ഷീല്‍ഡ് എന്നത് സ്വപ്‌നമായി മാറും.

ഒഡീഷയ്ക്ക് ബാക്കിയുള്ള മല്‍സരങ്ങളില്‍ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം ആദ്യ അഞ്ചിന് പുറത്തുള്ളവരുമായിട്ടാണ്. അതില്‍ പഞ്ചാബ് എഫ്‌സിക്കെതിരേ ഒഴിച്ച് ബാക്കിയെല്ലാം എവേ മല്‍സരങ്ങളാണെന്നതും ശ്രദ്ധേയമാണ്. മറുവശത്ത് ബ്ലാസ്റ്റേഴ്‌സിനും ബാക്കിയുള്ള ഒരെണ്ണം മാത്രമാണ് ടോപ് ഫൈവിലുള്ള ടീമുമായിട്ടുള്ളത്.

മാര്‍ച്ച് 13ന് കൊച്ചിയില്‍ മോഹന്‍ ബഗാനെതിരേയാണ് ആ മല്‍സരം. ബഗാന്റെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും ഷീല്‍ഡ് സ്വപ്‌നത്തിന്റെ വിധിനിര്‍ണയം ഈ മല്‍സരത്തിലാകും. അവസാനം കളിച്ച അഞ്ചില്‍ മൂന്നിലും ജയവും രണ്ട് സമനിലകളുമാണ് ബഗാന്റെ സമ്പാദ്യം.

നിലവിലെ അവസ്ഥയില്‍ മുംബൈ സിറ്റി, ബഗാന്‍ ടീമുകളാണ് ഷീല്‍ഡ് പോരാട്ടത്തില്‍ മുന്നിലുള്ളത്. ഒഡീഷയുടെ അപ്രതീക്ഷിത റിസല്‍ട്ടുകള്‍ ഒരുപക്ഷേ ഈ രണ്ട് ടീമുകള്‍ക്കും ഷീല്‍ഡിലേക്ക് കൂടുതല്‍ അടുത്തെത്താന്‍ ഉപകരിക്കും.

ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തിനൊപ്പം മുന്നിലുള്ള ടീമുകളുടെ തോല്‍വികളും അനിവാര്യമാണ്. ജനുവരിയില്‍ ലീഗ് പുനരാരംഭിച്ചപ്പോള്‍ നടത്തിയ മൂന്ന് മല്‍സരങ്ങളിലെ മോശം പ്രകടനം തന്നെയാണ് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായത്.

Related Articles

Back to top button