FootballISL

ഹൈദരാബാദിലേക്ക് പണമെറിഞ്ഞ് ഗള്‍ഫ് നിക്ഷേപകര്‍!! പ്രശ്‌നങ്ങള്‍ക്ക് അവസാനം!!

സമീപകാലത്ത് സാമ്പത്തികമായും കളിക്കളത്തിലെ പ്രകടനത്തിലും ഏറെ പ്രശ്‌നങ്ങള്‍ നേരിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബാണ് ഹൈദരാബാദ് എഫ്‌സി. ഈ സീസണില്‍ ഏറെ മോശം പ്രകടനം നടത്തുന്ന ക്ലബില്‍ നിന്ന് ഹെഡ് കോച്ച് ഉള്‍പ്പെടെ പ്രധാനപ്പെട്ട താരങ്ങളും പരിശീലകരുമെല്ലാം ടീം വിട്ടിരുന്നു.

ക്ലബിനെതിരേ പലകുറി ഫിഫ വിലക്കും വന്നിരുന്നു. ഓരോ ദിനവും തള്ളിനീക്കാന്‍ പോലുമുള്ള സാമ്പത്തിക അവസ്ഥ പോലും ഹൈദരാബാദ് എഫ്‌സിക്കില്ലെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ജെംഷഡ്പൂരില്‍ എവേ മല്‍സരം കളിക്കാന്‍ പോയ ടീം അവിടെ ഹോട്ടല്‍ റൂമെടുത്തതിന്റെ പണം പോലും നല്കാതെയാണ് മടങ്ങിയത്.

ഇതിനെതിരേ ഹോട്ടല്‍ അധികൃതര്‍ നല്കിയ പരാതിയില്‍ ക്ലബ് ഉടമകള്‍ക്കെതിരേ കേസും വന്നിരുന്നു. ഇപ്പോഴിതാ എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ട് പുതിയ നിക്ഷേപകര്‍ വരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള നിക്ഷേപ ഗ്രൂപ്പാണ് ഹൈദരാബാദില്‍ പണം ഇറക്കുന്നത്.

ക്ലബിനെ വാങ്ങുകയല്ല പകരം നിക്ഷേപം നടത്തുകയാണ് ഗള്‍ഫ് കമ്പനി. പുതിയ നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ ഏറ്റവും ബജറ്റുള്ള ക്ലബുകളിലൊന്നായി ഹൈദരാബാദ് എഫ്‌സി മാറും.

ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനും നിക്ഷേപം വരുന്നതിലൂടെ മാനേജ്‌മെന്റിന് സാധിക്കും. ഈ സീസണില്‍ ഇനി വലിയ പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാത്തതിനാല്‍ അടുത്ത സീസണിനാകും മാനേജ്‌മെന്റ് പ്രാധാന്യം നല്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ക്ലബുകളില്‍ പലതും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് അനാവശ്യമായി പ്രതിഫലം കൂട്ടുന്ന പ്രവണതയും ക്ലബുകളെ സാമ്പത്തികമായി ബാധിക്കുന്നുണ്ട്.

ദേശീയ ടീമില്‍ കളിക്കാന്‍ പോലും ക്വാളിറ്റിയില്ലാത്ത താരങ്ങള്‍ക്ക് പോലും ഒരു കോടി രൂപയ്ക്ക് അടുത്താണ് നല്‍കേണ്ടി വരുന്നത്. ഇതിനനുസരിച്ച് വരുമാനം ക്ലബുകള്‍ക്ക് കൂടുന്നതുമില്ല. ഈ സീസണ്‍ മുതല്‍ റവന്യു പൂളില്‍ നിന്നും ക്ലബുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും.

പല ക്ലബുകളും ഈ സീസണില്‍ കൂടുതല്‍ മികച്ച സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോളിന് കൂടുതല്‍ സ്വീകാര്യത കൈവരുന്നതും ക്ലബുകള്‍ക്ക് പ്രതീക്ഷ നല്കുന്നുണ്ട്. അടുത്ത സീസണില്‍ ഐലീഗില്‍ നിന്ന് ഒരു ടീം കൂടി പ്രമോഷന്‍ നേടി ഐഎസ്എല്ലിലേക്ക് എത്തും.

Related Articles

Back to top button