Football

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ എതിരാളികള്‍ ജെംഷഡ്പൂരിനെ നാണംകെടുത്തി!

കേരള ബ്ലാസ്റ്റേഴ്‌സ് സെപ്റ്റംബര്‍ 30ന് പഞ്ചാബ് എഫ്‌സിയെ നേരിടാനിരിക്കുകയാണ്. ഈ മല്‍സരത്തിനു മുമ്പ് കളത്തിലിറങ്ങിയ പഞ്ചാബ് എഫ്‌സി കഴിഞ്ഞ വര്‍ഷത്തെ ഷീല്‍ഡ് ജേതാക്കളായ ജെംഷഡ്പൂര്‍ എഫ്‌സിയെ 2-0ത്തിന് അട്ടിമറിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ എഫ്‌സി ഗോവയുമായി ഗോള്‍രഹിത സമനില വഴങ്ങിയ ജെംഷഡ്പൂരിന് പഞ്ചാബിനെതിരായ തോല്‍വി ക്ഷീണമായി മാറി.

ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്നു പഞ്ചാബ്-ജെംഷഡ്പൂര്‍ മല്‍സരം. എന്നാല്‍ രണ്ടാംപകുതിയില്‍ രണ്ടുതവണ വലകുലുക്കി പഞ്ചാബ് ഞെട്ടിച്ചു. 60, 90 മിനിറ്റുകളിലായിരുന്നു പഞ്ചാബിന്റെ ഗോളുകള്‍. റൊണാള്‍ഡോ ഒലിവേരിയ, ഡാനിയേല്‍ ലാല്‍ഹിംപൂയിയ എന്നിവരാണ് പഞ്ചാബിനായി വലകുലുക്കിയത്. ശ്രീനിധി ഡെക്കാനെതിരേയാണ് ജെംഷഡ്പൂരിന്റെ അടുത്ത പ്രീസീസണ്‍ മല്‍സരം.

പഞ്ചാബ് എഫ്‌സിയെന്നത് പഴയ മിനെര്‍വ പഞ്ചാബാണ്. റൗണ്ട്ഗ്ലാസ് എന്ന നിക്ഷേപകര്‍ ടീമിനെ ഏറ്റെടുത്തതോടെ ക്ലബിന്റെ പേരും മാറ്റിയിരുന്നു. കോടികള്‍ നിക്ഷേപം നടത്തി ടീമിനെ ഐഎസ്എല്ലിലേക്ക് എത്തിക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടു സീസണുകളിലായി ഗംഭീര താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു അവര്‍.

മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും പഞ്ചാബിലാണ് കളിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇരുവരും ബ്ലാസ്റ്റേഴ്‌സിനെതിരേ കളിക്കാനുണ്ടാകുമെന്നാണ് വിവരം. ബ്ലാസ്റ്റേഴ്‌സ് വിട്ടശേഷം വീണ്ടുമൊരിക്കല്‍ കൂടി വിനീത് മഞ്ഞപ്പടയ്‌ക്കെതിരേ കളിക്കാന്‍ ഒരുങ്ങുകയാണ്.

കൊച്ചിയില്‍ ഇതുവരെ മൂന്ന് പരിശീലന മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മൂന്നിലും ഗംഭീര ജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളോടാണ് കളിച്ചതെന്നത് കൂടി പരിഗണിക്കേണ്ടി വരും. ഇവിടെയാണ് പഞ്ചാബ് എഫ്‌സിയുമായുള്ള മല്‍സരം പ്രസക്തമാകുന്നത്. ഐലീഗ് കപ്പടിക്കാന്‍ സാധ്യതയുള്ള ടീമുമായി കളിക്കുന്നത് ടീമിന് നല്ലൊരു മുന്നൊരുക്കമാകും.

പഞ്ചാബ് എഫ്‌സിയുമായുള്ള മല്‍സരത്തിന് ആരാധകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. സീസണ്‍ ടിക്കറ്റ് എടുത്ത കുറച്ച് ആരാധകര്‍ക്ക് മാത്രമാകും കളി കാണാന്‍ അവസരം നല്‍കുക.

Related Articles

Back to top button