FootballISL

ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ ‘മെഷീന്‍’ അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടായേക്കില്ല; വലിയ ഓഫര്‍ വേണ്ടെന്നുവച്ചു!!

കഴിഞ്ഞ ഒന്നു രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ കരുത്തനാണ് ദിമിത്രിയോസ്. അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും രക്ഷകനായി എത്തിയിട്ടുള്ളത്.

പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ദിമിത്രിയോസില്‍ നിന്നും വരുന്നത്. അടുത്ത സീസണില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മുംബൈ സിറ്റി, ഒഡീഷ എഫ്‌സി അടക്കമുള്ള മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ദിമിക്ക് വലിയ ഓഫറുകള്‍ വരുന്നുണ്ട്. താരം പക്ഷേ ഈ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ് ദിമിക്ക് ഇഷ്ടമെന്ന് സൂചന.

അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച് നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്.

ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് ദിമിയുടെ പക്ഷം. അതുകൊണ്ട് തന്നെ മുംബൈ സിറ്റി ഉള്‍പ്പെടെയുള്ള ക്ലബുകളുടെ വലിയ ഓഫര്‍ അദേഹം വേണ്ടെന്നുവയ്ക്കുന്നതും.

2012 മുതല്‍ തുടങ്ങിയ പ്രെഫഷണല്‍ കരിയറില്‍ ദിമിക്ക് ഏറ്റവും മികച്ച റിക്കാര്‍ഡുള്ള ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ആണ്. 40 കളികളില്‍ നിന്ന് 25 ഗോളുകളാണ് താരം കേരള ക്ലബിനായി അടിച്ചു കൂട്ടിയിട്ടുള്ളത്. 50ന് മുകളിലാണ് അദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

ദിമിയെ പോലെ ടീമുമായി ഇഴുകിചേര്‍ന്ന ഒരു താരം വിട്ടുപോകുന്നത് ടീം മാനേജ്‌മെന്റിനും തിരിച്ചടിയാണ്. വിദേശ താരങ്ങള്‍ ഒരു ക്ലബുമായി താളത്തില്‍ പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. കാലാവസ്ഥ മുതല്‍ ഭക്ഷണം വരെ അതിനെ സ്വാധീനിക്കുന്നുണ്ട്.

ദിമി പോയാല്‍ പകരം താരത്തെ കൊണ്ടുവരാന്‍ പക്ഷേ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. പെപ്ര ഉള്‍പ്പെടെ ഈ സീസണില്‍ ടീമിലെത്തിയ കളിക്കാരുടെ കാര്യത്തിലും തീരുമാനം ഉടനുണ്ടാകും. പെപ്ര നിലവില്‍ ഘാനയിലാണ്.

അതേസമയം, അടുത്ത സീസണില്‍ കെപി രാഹുല്‍ ടീമിലുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഈ സീസണിനു ശേഷം ടീം വിടുമെന്ന് താരം നേരത്തെ തന്നെ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. കരിയറില്‍ വ്യത്യസ്ത ടീമുകളില്‍ കളിക്കുന്നതിന്റെ ഭാഗമായിട്ടാകും താരത്തിന്റെ ടീംവിടല്‍.

ഈ സീസണില്‍ തീരെ നിറംമങ്ങിപ്പോയ കളിക്കാരിലൊരാളാണ് രാഹുല്‍. തന്റെ പതിവു ഫോമിലെത്താന്‍ ബുദ്ധിമുട്ടുന്ന രാഹുലിലുള്ള പ്രതീക്ഷ കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഇപ്പോഴും തുടരുന്നുണ്ട്. രാഹുലിന്റെ വിടവിലേക്കും പുതിയ താരത്തെ ടീം കണ്ടെത്തേണ്ടിവരും.

Related Articles

Back to top button