FootballISL

മച്ചാന്‍സിനെ അടിച്ച് താഴെയിട്ടു; ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിന് തൊട്ടടുത്ത്!!

ചെന്നൈയ്ന്‍ എഫ്‌സിയെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന് ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിന് തൊട്ടടുത്ത്. ഇനി ബാക്കിയുള്ള മൂന്നില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേഓഫ് കളിക്കും.

കളി തുടങ്ങും മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിക്കാന്‍ ചെന്നൈയ്‌ന് സാധിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘത്തിന്റെ നിയന്ത്രണത്തിലേക്ക് വരുന്നതാണ് കണ്ടതാണ്.

പ്രതിരോധത്തില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും വിക്ടര്‍ മോംഗിലും സംഘവും ഭേദപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ കൈപ്പിടിയിലൊതുക്കി. അല്‍നസര്‍ അല്‍ ഖയാത്തിയുടെ നീക്കങ്ങളില്‍ ആശ്രയിച്ചു മുന്നേറിയ ചെന്നൈയ്ക്ക് ഒരു സമയത്തിനു ശേഷം കളിയില്‍ വലിയ ആധിപത്യം നേടാന്‍ സാധിച്ചില്ല.

മറുവശത്ത് അഡ്രിയാന്‍ ലൂണയുടെ നേതൃത്വത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം. ആദ്യ ഗോളും ലൂണ തന്നെ കണ്ടെത്തി. 38മത്തെ മിനിറ്റില്‍ ലൂണയിലൂടെ വലകുലുക്കിയപ്പോള്‍ ആരാധകര്‍ക്കും കോച്ച് വുക്കുമനോവിച്ചിനും ആശ്വാസം. രണ്ടാം പകുതി തുടങ്ങി 20 മിനിറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് വിജയഗോള്‍ കണ്ടെത്തി.

17 കളികള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് നിലവില്‍ 31 പോയിന്റുണ്ട്. ഇനിയുള്ള മൂന്നില്‍ നിന്നും ഒരു ജയം പോലും മഞ്ഞപ്പടയെ പ്ലേഓഫിലെത്തിക്കും. ബ്ലാസ്റ്റേഴ്‌സിനോടും വീണതോടെ ചെന്നൈയുടെ പ്ലേഓഫ് ഏറെക്കുറെ അവസാനിച്ചെന്ന് വ്യക്തം.

ഇനി മൂന്ന് മല്‍സരം മാത്രം ബാക്കിനില്‍ക്കേ 18 പോയിന്റ് മാത്രമുള്ള ചെന്നൈയ്ക്ക് അവസാന ആറിലെത്താന്‍ സാധിക്കില്ല. അവസാനത്തെ അഞ്ച് മല്‍സരത്തില്‍ ഒരു ജയം പോലും സ്വന്തമാക്കാന്‍ സാധിക്കാത്തതാണ് തലൈവാസിന് തിരിച്ചടിയായത്.

നിലവിലെ അവസ്ഥയില്‍ കളി പോകുകയാണെങ്കില്‍ ഒഡീഷ എഫ്‌സി ഏഴാം സ്ഥാനത്തായി സീസണ്‍ അവസാനിപ്പിക്കാനും ബ്ലാസ്റ്റേഴ്‌സ് മൂന്നിലോ നാലിലോ ഫിനിഷ് ചെയ്യാനുമാണ് സാധ്യത. അടുത്ത മല്‍സരങ്ങളില്‍ മാര്‍ക്കോ ലെസ്‌കോവിച്ച് വരുന്നതോടെ പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button