Cricket

സഞ്ജുവിന് വന്‍വീഴ്ച്ച; രണ്ട് പന്തില്‍ പവലിയനില്‍ തിരിച്ചെത്തി നായകന്‍; രക്ഷകനായി വിഷ്ണു!!

സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ ഹിമാചല്‍ പ്രദേശിനെതിരായ ആദ്യ മല്‍സരത്തില്‍ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കേരളം 8 വിക്കറ്റിന് 163 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വെറും 2 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദും (44), ഇംപാക്ട് പ്ലയറായി എട്ടാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബി (30) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ രക്ഷിച്ചത്.

ടോസ് നേടിയ ഹിമാചല്‍പ്രദേശ് കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പതിഞ്ഞ തുടക്കമാണ് കേരളത്തിനായി മുഹമ്മദ് അസ്ഹറുദീനും രോഹന്‍ എസ് കുന്നുമ്മേലും നല്കിയത്. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ രോഹനെ വൈഭവ് അരോറ വീഴ്ത്തി.

8 പന്തില്‍ 5 റണ്‍സെടുത്ത രോഹന് കാര്യമായൊന്നും സംഭാവന നല്കാന്‍ സാധിച്ചില്ല. പവര്‍പ്ലേ പിന്നിടും മുമ്പേ അസ്ഹറുദീനും ഡ്രെസിംഗ് റൂമില്‍ തിരിച്ചെത്തി. 14 പന്തില്‍ 20 റണ്‍സായിരുന്നു ഓപ്പണറുടെ സമ്പാദ്യം.

മൂന്നാം വിക്കറ്റില്‍ വിഷ്ണു വിനോദും സല്‍മാന്‍ നിസാറും ഒന്നിക്കുമ്പോള്‍ 2 വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു കേരള സ്‌കോര്‍. ക്രീസിലെത്തിയതു മുതല്‍ എതിരാളികളെ കടന്നാക്രമിക്കുന്ന സമീപനമാണ് വിഷ്ണുവില്‍ നിന്നുണ്ടായത്.

തലങ്ങും വിലങ്ങും ബൗളര്‍മാരെ പായിച്ച വിഷ്ണു തകര്‍പ്പന്‍ ഫോമിലായിരുന്നു. സല്‍മാന്‍ നിസാര്‍ സിംഗിളുകളെടുത്ത് വിഷ്ണുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. വന്‍ സ്‌കോറിലേക്ക് വിഷ്ണു കേരളത്തെ നയിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ് എംജെ ദാഗര്‍ വില്ലനാകുന്നത്.

വിഷ്ണുവിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുമ്പോള്‍ കേരള സ്‌കോര്‍ 10.3 ഓവറില്‍ 3 വിക്കറ്റിന് 84 റണ്‍സ്. 27 പന്തില്‍ നിന്നും 2 സിക്‌സറുകളും 5 ഫോറും ഉള്‍പ്പെടെ 44 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഏവരും കാത്തിരുന്ന സഞ്ജു സാംസണിന്റെ വരവായിരുന്നു അടുത്തത്.

ആദ്യ പന്തില്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട സഞ്ജുവിന് പക്ഷേ അടുത്ത പന്തിനെ അതിജീവിക്കാനായില്ല. ഏകഥ് സെന്നിന് ക്യാച്ച് നല്‍കി മുകുള്‍ നേഗിയുടെ പന്തില്‍ കേരള നായകന്‍ പുറത്ത്. തീര്‍ത്തും അപ്രതീക്ഷിതം ആയിരുന്നു ഈ വിക്കറ്റ്.

ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ നിന്ന് ഉള്‍പ്പെടെ ഒഴിവാക്കിയതിന്റെ ദേഷ്യം ഹിമാചലിനെതിരേ തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്ന ഇന്നിംഗ്‌സ് ആയിരുന്നു സഞ്ജുവില്‍ നിന്നും പിറന്നത്. 2 പന്തില്‍ 1 റണ്‍സുമായി ക്യാപ്റ്റന്‍ മടങ്ങിയതോടെ 2 വിക്കറ്റിന് 84 റണ്‍സില്‍ നിന്നും 4 ന് 91 ലേക്ക് കേരളം പെട്ടെന്ന് നിലംപൊത്തി.

സല്‍മാന്‍ നിസാര്‍ കേരളത്തെ മുന്നോട്ടു നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മുകുള്‍ നേഗി വീണ്ടും ആഞ്ഞടിക്കുന്നത്. 25 പന്തില്‍ 23 റണ്‍സെടുത്ത നിസാറും പുറത്ത്. കേരളം 98 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലായി.

തൊട്ടുപിന്നാലെ വെടിക്കെട്ടുകാരന്‍ ബാറ്റര്‍ അബ്ദുള്‍ ബാസിതും പുറത്ത്. 7 പന്തില്‍ വെറും 3 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ കേരളം ഇംപാക്ട് പ്ലയറായി സച്ചിന്‍ ബേബിയെ കളത്തിലിറക്കി. എട്ടാമനായിട്ടായിരുന്നു സച്ചിന്റെ വരവ്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ സച്ചിനെ ബാറ്റിംഗിനിറക്കുകയായിരുന്നു കോച്ച്.

അവസാന ഓവറുകളില്‍ സച്ചിന്‍ നടത്തിയ ചെറിയ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തെ മാന്യമായ സ്‌കോറിലെത്തിച്ചത്. ചെറുതെങ്കിലും ഇംപാക്ട് ഉണ്ടായിരുന്ന ഇന്നിംഗ്‌സ് തന്നെയാണ് സീനിയര്‍ താരത്തില്‍ നിന്നും വന്നത്.

Related Articles

Back to top button