Cricket

സഞ്ജു ഇന്ത്യന്‍ ഉപനായകന്‍, ധവാന്‍ ക്യാപ്റ്റന്‍!! ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വലിയ മാറ്റങ്ങള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ്‍ ടീമിലെത്തുമെന്ന് ഉറപ്പായി. സഞ്ജുവിന് വെറും കളിക്കാരന്‍ എന്നതിലുപരി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ടീം മാനേജ്‌മെന്റ് നല്‍കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ ഉപനായക സ്ഥാനമാകും സഞ്ജുവിന് നല്‍കുക.

ട്വന്റി-20 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളാരും തന്നെ ഏകദിന പരമ്പരയ്ക്ക് ഉണ്ടാകില്ല. രാഹുല്‍ ദ്രാവിഡും സംഘവും ഒക്ടോബര്‍ ആറിനാണ് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. ഈ ദിവസം തന്നെയാണ് ഏകദിന പരമ്പര ആരംഭിക്കുന്നതും. വിവിഎസ് ലക്ഷ്മണ്‍ ആകും ഇന്ത്യയുടെ പരിശീലകന്‍.

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് ന്യൂസിലന്‍ഡ് എ ടീമിനെതിരേ ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ സഞ്ജുവിനെ ചുമതലപ്പെടുത്തിയത്. അതേസമയം, ലോകകപ്പ് ടീമിലുള്ള ദീപക് ഹൂഡയ്ക്ക് പരിക്കേറ്റത് സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

റിസര്‍വ് താരങ്ങളിലുള്ള ശ്രേയസ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹൂഡയുടെ പകരക്കാരന്‍ ആകുമെങ്കിലും ലോകകപ്പ് ടീമിലും അയ്യര്‍ തന്നെ വരണമെന്നില്ല. ഹൂഡയ്ക്ക് കളിക്കാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ സഞ്ജുവിന് അവസരം ലഭിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ സാധ്യത ടീം: ധവാന്‍ (ക്യാപ്റ്റന്‍), സഞ്ജു (വൈസ് ക്യാപ്റ്റന്‍), ഗില്‍, ഗെയ്ക്ക്‌വാദ്, പൃഥ്വി ഷാ, രാഹുല്‍ ത്രിപാദി, രജത് പട്ടിഡാര്‍, ഷഹബാസ്, അഹമ്മദ്, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, പ്രസിദ് കൃഷ്ണ, കുല്‍ദീപ് സെന്‍.

Related Articles

Back to top button