Cricket

ഇഷാന്‍ കിഷന്‍ പുറത്തായത് വെറുതെയല്ല!! ഇംഗ്ലണ്ടിനെതിരേ കളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം പറഞ്ഞത് പറ്റില്ലെന്ന്

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും പുറത്തു പോയത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. ആഭ്യന്തര മത്സരം കളിക്കാന്‍ ആവശ്യപ്പെട്ടിട്ട് താരങ്ങള്‍ തയ്യാറാകാഞ്ഞതാണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഇതു സംബന്ധിച്ച് മറ്റൊരു വിവരം കൂടി പുറത്തു വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാന്‍ കിഷനെ ടീമിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബിസിസിഐ ശ്രമിച്ചിരുന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇഷാന്‍ തയാറാകാത്തതിനാലാണ് യുവതാരം ധ്രുവ് ജുറേലിനെ ബിസിസിഐ പരിഗണിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ബന്ധപ്പെട്ടപ്പോള്‍ ദേശീയ ടീമില്‍ കളിക്കാന്‍ താന്‍ ഇതുവരെ തയ്യാറായില്ലെന്നതായിരുന്നു ഇഷാന്‍ കിഷന്റെ മറുപടി.

ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ച ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കടുത്ത മാനസിക സമ്മര്‍ദം ചൂണ്ടിക്കാട്ടി ഇഷാന്‍ കിഷന്‍ ദേശീയ ടീമില്‍നിന്ന് അവധിയെടുത്തത്.

ടീം ക്യാംപ് വിട്ട് നാട്ടിലെത്തിയ താരം ആഴ്ചകള്‍ക്കു ശേഷം രഞ്ജി ട്രോഫിയിലും കളിക്കാന്‍ തയാറായില്ല. രഞ്ജിയില്‍ ജാര്‍ഖണ്ഡിന്റെ താരമാണ് ഇഷാന്‍ കിഷന്‍. അതിനിടെ എം.എസ്. ധോണിയുടെ കൂടെ പാര്‍ട്ടിയില്‍ ഇഷാന്‍ പങ്കെടുത്തതും വിവാദമായി.

രഞ്ജി ട്രോഫിയില്‍ കളിക്കാനുള്ള നിര്‍ദ്ദേശം പല തവണ ഇഷാനു മുമ്പില്‍ വച്ച ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഒടുവില്‍ സഹികെട്ട് ഇഷാനെ ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഐപിഎല്ലിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു ഈ സമയത്ത് ഇഷാന്‍ കിഷന്‍. തുടര്‍ന്നാണ് ബിസിസിഐ താരത്തെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കിയത്. ഡി.വൈ.പാട്ടീല്‍ ട്വന്റി20 ടൂര്‍ണമെന്റിലാണ് ഇഷാന്‍ ഇപ്പോള്‍ കളിക്കുന്നത്. ഈ മാസം 22നാണ് ഐപിഎല്ലിന്റെ 17-ാം സീസണ്‍ ആരംഭിക്കുന്നത്.

Related Articles

Back to top button