Cricket

പന്തെറിയാന്‍ കൊണ്ടുവന്നവര്‍ പന്തെറിഞ്ഞില്ല; ബംഗ്ലാദേശിന് അടിയായത് ടീം സെലക്ഷന്‍!!

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ബംഗ്ലാദേശിന്റെ ടീം സെലക്ഷനെതിരേ വ്യാപക വിമര്‍ശനം. ടീം സെലക്ഷനിലെ പാളിച്ചകള്‍ തോല്‍വിക്ക് കാരണമായെന്നാണ് മുന്‍കാല താരങ്ങള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്.

രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനായി അവരുടെ പ്രധാന ബൗളര്‍മാര്‍ പന്തെറിഞ്ഞില്ല. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ഹസന്‍, എബദത് ഹൊസൈന്‍ എന്നിവരുടെ സേവനമാണ് ടീമിന് നഷ്ടമായത്. ഷക്കീബ് എന്തുകൊണ്ടാണ് പന്തെറിയാത്തതെന്ന് വ്യക്തമല്ല. ഹൊസൈന് പരിക്കേറ്റതാണ് പിന്മാറാന്‍ കാരണം.

വിക്കറ്റ് കീപ്പര്‍ കൂടിയായ ലിറ്റണ്‍ദാസ്, നസ്മുള്‍ ഷാന്റോ, യാസിര്‍ അലി എന്നിവരെ പാര്‍ട്ട് ടൈം ബൗളര്‍മാരായി ടീം ഉപയോഗിക്കേണ്ടി വരികയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് കളിയുടെ നിയന്ത്രണം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു.

ബംഗ്ലാദേശിന്റെ സമീപകാല ടീം സെലക്ഷനുകളെല്ലാം പാളുന്നതാണ് കണ്ടിട്ടുള്ളത്. സ്വന്തം മണ്ണില്‍ കളിക്കുമ്പോള്‍ കൂടുതല്‍ സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് അവരുടെ രീതി. സ്പിന്നര്‍മാരെ നന്നായി നേരിടുന്ന ഇന്ത്യയ്‌ക്കെതിരേ അവരുടെ ശരാശരി സ്പിന്നര്‍മാര്‍ അത്ര ഫലപ്രദമായതുമില്ല.

ടെസ്റ്റിന്റെ ആദ്യദിനം നാലുവിക്കറ്റിന് 112 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയ്ക്ക് തിരിച്ചു വരാന്‍ അവസരം നല്‍കിയതും ബംഗ്ലാ ബൗളിംഗിന്റെ മൂര്‍ച്ചയില്ലായ്മയാണ്. ബംഗ്ലാദേശിന്റെ വിവശതകള്‍ കൃത്യമായി മുതലെടുത്ത് ഇന്ത്യ ജയത്തിലേക്ക് എത്തുകയും ചെയ്തു.

Related Articles

Back to top button