Cricket

ഇത് സഞ്ജുവിനുള്ള പണിതന്നെ; തെളിവ് ക്രൈസ്റ്റ്ചര്‍ച്ച് തന്നെ!!

സഞ്ജു സാംസണിനെ മനപൂര്‍വം ഇന്ത്യന്‍ ഇലവനിലേക്ക് ഉള്‍പ്പെടുത്താതാണോ? സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ആറാം ബൗളറുടെ പേരു പറഞ്ഞാണ് സഞ്ജുവിനെ കരയ്ക്ക് ഇരുത്തിയത്. എന്നാല്‍ രസകരമായ വസ്തുത എന്തെന്നു വച്ചാല്‍ സ്പിന്നര്‍മാരെ അത്രയൊന്നും തുണയ്ക്കാത്ത ക്രൈസ്റ്റ്ചര്‍ച്ച് പിച്ചില്‍ ആറാം ബൗളറായി ഉള്‍പ്പെടുത്തിയത് സ്പിന്നറെയാണെന്നാണ്.

ആറാം ബൗളറെന്ന വെറുമൊരു കാരണം പറഞ്ഞത് സഞ്ജുവിനെ ഒഴിവാക്കാനുള്ള ഗുഡാലോചനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ പോലൊരു പിച്ചില്‍ ദീപക് ഹൂഡയെന്ന ശരാശരി കളിക്കാരനില്‍ നിന്ന് ബാറ്റുകൊണ്ട് പോലും വലിയ ഗുണമുണ്ടായില്ല. മിച്ചല്‍ സാന്റ്‌നറെന്ന പ്രധാന സ്പിന്നര്‍ക്ക് പോലും വെറും രണ്ടോവറാണ് ന്യൂസിലന്‍ഡ് നല്‍കിയത്. ഈ അവസ്ഥയില്‍ ഹൂഡയെന്ന വല്ലപ്പോഴും പന്തെറിയുന്ന സ്പിന്നറാണോ ഇന്ത്യയുടെ ആറാം ബൗളര്‍.

ഇനി ആറാം ബൗളറാണ് വേണ്ടിയിരുന്നതെങ്കില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തി റിഷാഭ് പന്തിനെ കരയ്ക്കിരുത്താമായിരുന്നു. ലോകകപ്പിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20യിലുമൊക്കെ പന്തിന് ആവശ്യത്തിന് അവസരം നല്‍കി. സഞ്ജുവിന് കിട്ടിയതാകട്ടെ ആകെയൊരു അര്‍ധാവസരവും. കിട്ടിയ അവസരങ്ങള്‍ മുതലാക്കിയ സഞ്ജുവിനെ ആരോ ഭയക്കുന്നുണ്ട്.

അതുകൊണ്ടാണ് അവസരങ്ങള്‍ കടലോളം കിട്ടിയാലും മുതലാക്കില്ലെന്നറിയാവുന്ന പന്തിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. മൂന്നാം ഏകദിനത്തില്‍ സഞ്ജു മധ്യനിരയില്‍ കളിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തകര്‍ച്ച സംഭവിക്കില്ലായിരുന്നു. എന്നാല്‍ ഹൂഡയും ദീപക് ചഹാറും വാഷിംട്ണ്‍ സുന്ദറുമടങ്ങുന്ന മധ്യനിര അമ്പേ പരാജയമായി.

ഇന്നലെ വന്ന ഉമ്രാന്‍ മാലിക്കിനും അര്‍ഷദീപിനും സുന്ദറിനുമെല്ലാം അവസരങ്ങള്‍ കിട്ടുമ്പോള്‍ ഐപിഎല്ലില്‍ ഒരു ടീമിന്റെ നായകനായ സഞ്ജുവിന് മാത്രം അവസരം നിഷേധിക്കുന്നതില്‍ സംശയം ഏറെയാണ്. സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്റെ അനിഷ്ടത്തിന് ഇരയായി കരിയര്‍ നഷ്ടപ്പെട്ട ശരണ്‍ദീപ് സിംഗിനെ ഇവിടെ ഓര്‍ക്കുന്നത് ഉചിതമായിരിക്കും.

ക്രിക്കറ്റെന്നത് ജന്റില്‍മാന്‍ ഗെയിം തന്നെ. എന്നാല്‍ ഇതിനിടെയില്‍ നടക്കുന്ന അടിക്കളികള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഏറെയാണ്. ശ്രീശാന്തിന്റെ രണ്ടാംവരവ് തടഞ്ഞത് മലയാളിയായ ഒരു പ്രമുഖനായിരുന്നു. ബോര്‍ഡില്‍ വലിയ പിടിപാടുള്ള ഈ മനുഷ്യന്റെ പിടിവാശിയാണ് ശ്രീയുടെ തിരിച്ചുവരവിന് തടയിട്ടത്. അതുപോലെ എന്തോ സഞ്ജുവിനും സംഭവിച്ചിരിക്കുന്നുവെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

Related Articles

Back to top button