Cricket

പാക്കിസ്ഥാന് പണികിട്ടാതെ ‘നൂല്‍പാലം’ രക്ഷിച്ചത് ഇന്ത്യ; എന്നിട്ടും അനിശ്ചിതത്വം മാറുന്നില്ല ബാബര്‍ ക്യാംപില്‍!!

തുടക്കം മുതല്‍ അവസാനം വരെ അനിശ്ചിതത്വം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് ഫൈനലിലെത്തിയപ്പോള്‍ ആശ്വാസം കൊണ്ട് പാക്കിസ്ഥാന്‍. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ജയിക്കണമെന്ന് പാക്കിസ്ഥാന്‍ ഇത്രത്തോളം പ്രാര്‍ത്ഥിച്ചൊരു മല്‍സരം വേറെ ഉണ്ടാകില്ല.

ഇന്ത്യ ഫൈനലില്‍ എത്തിയതോടെ പാക്കിസ്ഥാന്റെ സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്. ശ്രീലങ്ക ഇന്ത്യയെ വീഴ്ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ പാക്കിസ്ഥാന് ഫൈനലിലെത്താനുള്ള സാധ്യത തന്നെ വിദൂരമായേനെ. ഇപ്പോഴത്തെ അവസ്ഥയില്‍ പാക്കിസ്ഥാന്‍-ഇന്ത്യ ഫൈനലിന് സാധ്യത വളരെയേറെ കൂടി.

ശ്രീലങ്ക ഇന്ത്യയെ തോല്പിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് അവസാന മല്‍സരത്തില്‍ ലങ്കയെ കീഴടക്കിയാല്‍ പോലും സാധ്യത ഉണ്ടാകുമായിരുന്നില്ല. കാരണം നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്ഥാന്‍ വളരെ പിന്നിലാണ്. ലങ്കയെ ഇന്ത്യയെ വീഴ്ത്തിയിരുന്നെങ്കില്‍ ആതിഥേയര്‍ക്ക് 4 പോയിന്റായേനെ.

അവസാന മല്‍സരത്തില്‍ പാക്കിസ്ഥാന്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ പോലും ഇന്ത്യ-ബംഗ്ലാദേശ് മല്‍സരഫലത്തെ ആശ്രയിച്ചിരിക്കുമായിരുന്നു പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശനം. ഇപ്പോഴത്തെ അവസ്ഥയില്‍ പാക്കിസ്ഥാന് ഒരൊറ്റ ജയം മാത്രം മതി ഫൈനലിലെത്താന്‍.

ലങ്കയെ 14ന് വീഴ്ത്തിയാല്‍ ബാബര്‍ അസത്തിനും സംഘത്തിനും കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം. എന്നാല്‍ റിസര്‍വ് ഡേ ഇല്ലാത്ത മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ലങ്കയ്ക്കും പാക്കിസ്ഥാനും 3 പോയിന്റ് വീതമാകും. അപ്പോള്‍ റണ്‍റേറ്റ് വിധി നിര്‍ണയിക്കും.

നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ലങ്കയാണ് പാക്കിസ്ഥാനേക്കാള്‍ മുന്നില്‍. ലങ്കയ്ക്ക് -0.200 ആണ് നെറ്റ് റണ്‍റേറ്റ്. ഇന്ത്യയോട് പെരും തോല്‍വി വഴങ്ങിയ പാക്കിസ്ഥാനാകട്ടെ -1.892 ആണ് നെറ്റ് റണ്‍റേറ്റ്. അടുത്ത മല്‍സരം മഴ കൊണ്ടുപോയാല്‍ പാക്കിസ്ഥാന് തിരിച്ചു വിമാനം കയറാം.

ഇപ്പോഴത്തെ അവസ്ഥയില്‍ ലങ്കയേക്കാള്‍ പാക്കിസ്ഥാന്‍ ഫൈനലിലെത്തുകയാകും ഇന്ത്യന്‍ ക്യാംപിന് താല്പര്യം. കാരണം, കൊളംബോ പിച്ച് പഴയ മാരക കുത്തിതിരിപ്പ് സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്. ഈ പിച്ചില്‍ ഇനിയുള്ള കളികളില്‍ സ്പിന്നിനെ നേരിടുക എളുപ്പമല്ല.

ലങ്കന്‍ നിരയില്‍ ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ എന്നീ വട്ടംകറക്കുന്ന സ്പിന്നര്‍മാരുണ്ട്. ഇവര്‍ക്കൊപ്പം ധനഞ്ജയ ഡിസില്‍വ, ചരിത് അസ്‌ലെങ്ക എന്നീ പാര്‍ട്ട് ടൈം സ്പിന്നര്‍മാരും കൂടി ചേരുമ്പോള്‍ ഇന്ത്യ ഫൈനലില്‍ പാടുപെടും.

പാക് നിരയില്‍ പക്ഷേ കൊള്ളാവുന്ന സ്പിന്നര്‍മാരില്ല. ഷദാബ് ഖാന്‍ പഴയ മികവിന്റെ നിഴല്‍ മാത്രമാണ്. മുഹമ്മദ് നവാസിന് കാര്യമായൊന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇഫ്തിക്കാര്‍ അഹമ്മദും ആഗാ സല്‍മാനുമാണ് അവരുടെ പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍.

ഇത്തരത്തില്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വളരെ ദുര്‍ബലമാണ് പാക് ക്യാംപ്. അതുകൊണ്ട് തന്നെ ഫൈനല്‍ പാക്കിസ്ഥാനെതിരേ കിട്ടാനാകും രോഹിത് ശര്‍മയും സംഘവും ഇഷ്ടപ്പെടുക. പേസ് ഡിപ്പാര്‍ട്ട്‌മെന്റിലും പാക്കിസ്ഥാന് പ്രശ്‌നങ്ങളാണ്.

സ്വിംഗും ബൗണ്‍സും ഇല്ലാത്ത പിച്ചുകളില്‍ ഷഹീന്‍ഷാ അഫ്രീദിയും നസീം ഷായും വളരെ ശരാശരിക്കാര്‍ മാത്രമാണെന്ന് കഴിഞ്ഞ ദിവസം വിരാടും രാഹുലും തെളിയിച്ചതാണ്. എന്തായാലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ഉള്‍പ്പെടെ എല്ലാവര്‍ക്കും താല്പര്യം ഇന്ത്യ-പാക് ഫൈനലാകും.

Related Articles

Back to top button