Cricket

ലങ്കന്‍ ക്രിക്കറ്റിലെ അജ്ഞാത കൊഴിഞ്ഞുപോക്ക് തടയാന്‍ ബോര്‍ഡിന്റെ പൊടിക്കൈ!

അടുത്തിടെയായി ശ്രീലങ്കന്‍ ദേശീയ ടീമിലെ പല പ്രധാന താരങ്ങളും വിരമിക്കുകയാണ്. ഇതിന്റെ ഞെട്ടലിലാണ് ആരാധകരും ബോര്‍ഡും. ഇപ്പോഴിതാ മുന്‍നിര താരങ്ങള്‍ ദേശീയ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നത് തുടര്‍ക്കഥയായതോടെ കരുതല്‍ നടപടികളുമായി ശ്രീലങ്കന്‍ അധികൃതര്‍. രാജ്യത്തിനു വേണ്ടി കളി നിര്‍ത്തിവെച്ച് പണമൊഴുകുന്ന ട്വന്റി20 ലീഗുകളില്‍ മാത്രമായി കളി ചുരുക്കുന്നതാണ് അധികൃതരെ ചൊടിപ്പിച്ചത്. ദിവസങ്ങള്‍ക്കിടെ ദനുഷ്‌ക ഗുണതിലക, ഭാനുക രജപക്‌സ എന്നീ രണ്ടു താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഗുണതിലക ടെസ്റ്റ് നിര്‍ത്തിയപ്പോള്‍ രാജപക്‌സ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഉണര്‍ന്ന ലങ്കന്‍ ക്രിക്കറ്റ് ഇനി വിരമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നില്‍ കടുത്ത നിര്‍ദേശങ്ങളാണ് വെച്ചിരിക്കുന്നത്. വിരമിക്കുന്നതിന് മൂന്നുമാസം മുമ്പ് അറിയിപ്പ് നല്‍കണമെന്നാണ് ഒന്നാമത്തെ നിയമം. വിരമിച്ച് ആറുമാസം കഴിഞ്ഞാലേ വിദേശ ലീഗുകളില്‍ കളിക്കാനുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നും നിയമമാക്കിയിട്ടുണ്ട്. ആഭ്യന്തര ലീഗില്‍ മുമ്പ് 80 ശതമാനം കളികളിലും ഭാഗമായവര്‍ക്കേ തുടര്‍ന്നുള്ള കളികളില്‍ ഇറങ്ങാന്‍ അനുവാദം ലഭിക്കൂ. പുതിയ ഫിറ്റ്‌നസ് നിര്‍ദേശങ്ങള്‍ വില്ലനായതോടെ പലരും വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഇടപെടല്‍.

Related Articles

Leave a Reply

Back to top button