ISLTop Stories

മറ്റ് ക്ലബുകള്‍ വിളിച്ചിട്ടും ബ്ലാസ്‌റ്റേഴ്‌സിന് വിട്ടുപോകാത്തതിന് വ്യക്തമായ കാരണമുണ്ട്; വെളിപ്പെടുത്തി ലൂണ

കേരള ബ്ലാസ്റ്റേഴ്‌സില്‍ കഴിഞ്ഞ സീസണില്‍ ഏവരുടെയും പ്രീതി നേടിയ താരമാണ് അഡ്രിയാന്‍ ലൂണ. വ്യക്തിപരമായ നഷ്ടങ്ങള്‍ക്കിടയിലും ഈ സീസണില്‍ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ സജീവമാണ്. കഴിഞ്ഞ സീസണില്‍ നഷ്ടമായ കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ലൂണ വ്യക്തമാക്കി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനൊപ്പം ചേര്‍ന്ന് കളിക്കുന്നത് താന്‍ നന്നായി ആസ്വദിക്കുന്നുവെന്നും ലൂണ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കരാര്‍ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ചപ്പോള്‍ തന്നെ താന്‍ അത് അംഗീകരിക്കുകയായിരുന്നുവെന്നാണ് ലൂണ പറയുന്നത്. താന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചു നാളേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ മറ്റു ക്ലബ്ബുകളില്‍ കളിക്കുന്നതിനോട് തനിക്ക് വലിയ താല്പര്യമില്ല. ഒരു ക്ലബ്ബില്‍ സ്ഥിരമായി കളിച്ച് നേട്ടമുണ്ടാക്കുന്നതാണ് തന്റെ ലക്ഷ്യമെന്നും കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാന്‍ തീരുമാനിച്ചത് അത് കൊണ്ടാണെന്നും ഉറുഗ്വെ താരം വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ സഹല്‍ അബ്ദുള്‍ സമദിന് ഒപ്പം മധ്യനിരയില്‍ സഖ്യമുണ്ടാക്കാന്‍ സാധിച്ചത് മികച്ച അനുഭവമായിരുന്നു. പരിശീലകന്‍ നിര്‍ദേശിച്ച സഖ്യങ്ങള്‍ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചതായിരുന്നു കഴിഞ്ഞ സീസണിലെ വിജയം. സഹല്‍ അബ്ദുള്‍ സമദിന് ഒപ്പം മികച്ച കോമ്പിനേഷന്‍ ആയിരുന്നു.

നമ്മുടെ മനസ് കൃത്യമായി അറിഞ്ഞ് അതുപോലെ കളിക്കുന്ന താരമാണ് സഹല്‍. അതുകൊണ്ട് തന്നെ നമ്മുക്ക് വലിയ ടെന്‍ഷന്‍ ഇല്ല. നന്നായി ആസ്വദിച്ച് കളിക്കാനും സാധിക്കുന്നുണ്ട്. സഹല്‍ വലിയ ഭാവിയുള്ള താരമാണെന്നും ലൂണ കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ക്കു മുന്നില്‍ കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും ലൂണ വ്യക്തമാക്കി. ഫുട്ബോളിന്റെ ജീവന്‍ ആരാധകര്‍ ആണെന്നും അവര്‍ ഇല്ലാതെ കളി ഒരിക്കലും പൂര്‍ണമാകില്ലെന്നും ലൂണ പറഞ്ഞു. നിറഞ്ഞ ഗാലറിയില്‍ നിന്ന് വരുന്ന ശബ്ദം കളിക്കാരുടെ സിരകളില്‍ തീ പടര്‍ത്തും. മത്സരത്തിനിടയിലെ പിന്തുണയാണ് ഏറ്റവും ആവശ്യം. അക്കാര്യത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകര്‍ മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും താരം വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം.

Related Articles

Back to top button