ISLTop Stories

ജിങ്കനെതിരേ പ്രതിഷേധം ആളിക്കത്തുന്നു!

കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പിച്ചവച്ച് ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ വളര്‍ന്നുവെന്ന് സ്വയം തെറ്റിദ്ധരിച്ച താരമായിരുന്നു സന്ദേശ് ജിങ്കന്‍. വളര്‍ത്തി വലുതാക്കിയ ക്ലബ് സന്തോഷത്തോടെയാണ് താരത്തെ ക്ലബില്‍ നിന്നും പറഞ്ഞയച്ചത്. ജിങ്കന്‍ അണിഞ്ഞിരുന്ന ഇരുപത്തൊന്നാം നമ്പര്‍ ജേഴ്‌സിക്കും വിരമിക്കല്‍ നല്കിയാണ് ഈ താരത്തോടുള്ള സ്‌നേഹം ബ്ലാസ്‌റ്റേഴ്‌സ് പ്രകടിപ്പിച്ചത്. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ വളര്‍ത്തിയ ക്ലബിനെ തന്നെ അപമാനിക്കുന്ന രീതിയിലാണ് ജിങ്കന്‍ പരാമര്‍ശം നടത്തിയത്. എടികെ-ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനുശേഷമാണ് തങ്ങള്‍ സ്ത്രീകളോടാണ് കളിച്ചതെന്ന രീതിയില്‍ ജിങ്കന്‍ മാന്യമല്ലാത്ത രീതിയില്‍ പ്രതികരണം നടത്തിയത്. ഇതില്‍ താരം ഖേദം പ്രകടിപ്പിച്ചെങ്കിലും കടുത്ത അപരാധം തന്നെയാണ് താരത്തില്‍ നിന്നുണ്ടായതെന്ന കാര്യത്തില്‍ സംശയമില്ല.

ആരാധകരല്ലൊം കലിപ്പിലാണ്. അതിനു കാരണവുമുണ്ട്. ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടശേഷവും താരത്തിന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നല്കിയ പിന്തുണ വലുതായിരുന്നു. വിദേശ ക്ലബില്‍ കളിക്കാന്‍ പോയപ്പോള്‍ ആ ക്ലബിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ പോയി ജിങ്കനായി സംസാരിച്ചതിലേറെയും ബ്ലാസ്റ്റേഴ്‌സ് ആരാധകരായിരുന്നു. എന്നാലിപ്പോള്‍ ഊട്ടി വളര്‍ത്തിയ കൈയില്‍ തന്നെ കടിക്കുന്ന പോലെയായി ജിങ്കന്റെ പെരുമാറ്റം. ഇനിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. പാതിയില്‍ വിരമിപ്പിച്ച ആ ഇരുപത്തൊന്നാം നമ്പര്‍ ജേഴ്‌സി അടുത്ത സീസണിലെങ്കിലും തിരിച്ചു കൊണ്ടുവരണം.

ജിങ്കന്‍ ഈ ക്ലബിനെ സംബന്ധിച്ച് ഒരു താരം മാത്രമാണ്. കളിച്ച കാലത്ത് അര്‍ഹിക്കുന്നതിലേറെ പ്രതിഫലവും വാങ്ങി. അതില്‍ കൂടുതല്‍ എന്തു ബന്ധത്തിന്റെ പുറത്താണ് ഇത്തരത്തില്‍ ജേഴ്‌സി തന്നെ പിന്‍വലിച്ചത്. ഒരിക്കല്‍ പറ്റിയ തെറ്റ് തിരുത്താന്‍ മാനേജ്‌മെന്റ് തയാറാകണം. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും ജൂണിയറായ ഒരു മലയാളി താരത്തിന് ആ ഇരുപത്തൊന്നാം നമ്പര്‍ ജേഴ്‌സി നല്കുന്നതാകും നല്കാന്‍ പറ്റുന്ന ഏറ്റവും നല്ല മറുപടി. ഒരു താരവും ക്ലബിനേക്കാള്‍ വലുതല്ല. ടീം തന്നെയാണ് എക്കാലവും നിലനില്ക്കുന്നത്. താരങ്ങളും പരിശീലകരും വരുകയും പോകുകയും ചെയ്യും.

Related Articles

Leave a Reply

Back to top button