Top Stories

ഐഎസ്എല്ലില്‍ പുതിയതായി എത്തുന്ന ടീമുകള്‍ ഇതൊക്കെയാകും!!

അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ പുതിയതായി രണ്ടുമുതല്‍ നാലു ടീമുകള്‍ വരെ വരുമെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമി ദിനപത്രത്തിലെ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ അനീഷ് പി. നായരാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 27 മത്സരങ്ങളെന്ന എഎഫ്‌സി നിബന്ധ പാലിക്കുന്നതിനും ലീഗ് വിപുലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ് പുതിയ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഹമ്മദാബാദ്, ഭോപ്പാല്‍, ഡെല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ ടീമുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നഗരങ്ങളിലെ ഫ്രാഞ്ചൈസി നല്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഡെല്‍ഹിയൊക്കെ കേന്ദ്രീകരിച്ച് ആരെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കുമോയെന്ന കാര്യം സംശയമാണ്. നേരത്തെ ഡെല്‍ഹി ഡൈനാമോസെന്ന ക്ലബ് അവിടെനിന്നുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചത് തന്നെ ആരാധകപിന്തുണയില്ലാത്തതു കൊണ്ടായിരുന്നു.

ഫുട്‌ബോളിന് ഒട്ടും വളക്കൂറുള്ള മണ്ണല്ല ഡെല്‍ഹിയിലേത്. അതുകൊണ്ട് തന്നെ എത്രമാത്രം പണം നിക്ഷേപിച്ചാലും ഡെല്‍ഹിയില്‍ ഫുട്‌ബോള്‍ ക്ലബിനെ ലാഭകരമാക്കി വളര്‍ത്തിയെടുക്കാന്‍ പ്രയാസമാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റ് രണ്ട് നഗരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഭോപ്പാലും അഹമ്മദാബാദും വലിയ ഫുട്‌ബോള്‍ ആരാധകരുള്ള സ്ഥലമല്ല. അഹമ്മദാബാദ് പക്ഷേ അടുത്തിടെയായി ഫുട്‌ബോളിനോട് കുറച്ചു താല്പര്യം കാണിക്കുന്നുണ്ട്. അവിടെ ട്രാന്‍സ് സ്റ്റേഡിയ എന്ന മനോഹരമായൊരു ഫുട്‌ബോള്‍ സ്‌റ്റേഡിയം തന്നെയുണ്ട്. അടുത്തിടെയാണ് യൂറോപ്യന്‍ സ്റ്റൈലിലുള്ള ഈ സ്റ്റേഡിയം നിര്‍മിച്ചത്. ഇടയ്ക്ക് ബ്ലാസ്റ്റേഴ്‌സ് കുറച്ചുനാള്‍ പ്രീസീസണ്‍ പരിശീലനം അവിടെ നടത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന നാലാമത്തെ വേദിയായ കാഷ്മീര്‍ പക്ഷേ ഫുട്‌ബോളിന് ഗുണകരമായ സ്ഥലമാണ്. റിയല്‍ കാഷ്മീര്‍ എഫ്‌സി കഴിഞ്ഞ കുറെക്കാലമായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധകരുടെ പിന്തുണയും ഇവിടെ ആവോളം ലഭിക്കും.

അടുത്ത സീസണില്‍ നാലോളം ടീമുകള്‍ വരുമെന്ന് പറയുമ്പോള്‍ രണ്ട് ഐലീഗ് ക്ലബുകളുടെ കാര്യം വിസ്മരിച്ചുകൂടാ. പഞ്ചാബ് എഫ്‌സിയും മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബുമാണത്. രണ്ടു ടീമുകളുടെയും ഇപ്പോഴത്തെ നിക്ഷേപകര്‍ കോടികളാണ് ടീമില്‍ ഇറക്കിയിരിക്കുന്നത്. ഐഎസ്എല്‍ കളിച്ച് അഞ്ചുവര്‍ഷത്തിനകം ചാമ്പ്യന്മാരാകുകയെന്ന് മുഹമ്മദന്‍സിന്റെ ഉടമകള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പഞ്ചാബ് എഫ്‌സിയും ഐഎസ്എല്‍ ലക്ഷ്യംവച്ചാണ് പോകുന്നത്. 15 കോടി രൂപ എന്‍ട്രി ഫീയായി നല്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടും ഇല്ല. എന്തായാലും ഈ രണ്ടു ടീമുകളെ അടുത്തവര്‍ഷം കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനൊപ്പം തന്നെ ഈസ്റ്റ് ബംഗാളിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയുകയും ചെയ്യണം.

Related Articles

Leave a Reply

Back to top button