Cricket

കോച്ച് ദ്രാവിഡിന്റെ തൊപ്പി തെറിക്കുമോ? മുന്നറിയിപ്പ് നല്‍കി ഗാംഗുലി

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രകടനം ആരാധകരെയും മുന്‍കാല താരങ്ങളെയും അത്രയൊന്നും തൃപ്തിപ്പെടുത്തുന്നില്ല. പ്രത്യേകിച്ച് തന്ത്രങ്ങളൊന്നുമില്ലാതെയാണ് ദ്രാവിഡ് മല്‍സരത്തെ സമീപിക്കുന്നതെന്ന വിമര്‍ശനം തന്നെ ഉയര്‍ന്നിട്ടുണ്ട്. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ലോകകപ്പ് നടക്കാനിരിക്കെ പകരക്കാരുടെ പട്ടികയില്‍ പോലുമില്ലാത്ത ഉമേഷ് യാദവിനെ ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിപ്പിച്ചതാണ് പലരെയും ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത്.

ഇന്ത്യയുടെ പ്രകടനത്തില്‍ ബിസിസിഐയും തൃപ്തരല്ലെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. ടീമിന്റെ പ്രകടനവുമായി ബന്ധപ്പെട്ട് താന്‍ കോച്ച് ദ്രാവിഡുമായും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും സംസാരിച്ചതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.

‘കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലും ഈ വര്‍ഷത്തെ ഏഷ്യാകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയില്ല എന്നത് ശരിയാണ്. ഈ രണ്ടു ടൂര്‍ണമെന്റുകളിലും ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതിനെക്കുറിച്ച് പരിശീലകനുമായും ക്യാപ്റ്റനുമായും സംസാരിച്ചിരുന്നു.

ഇത്തവണ ടീം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. ടീമിന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും പ്രത്യേകം ശ്രദ്ധ വയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. ഓസ്‌ട്രേലിയയ്ക്കെതിരായ അടുത്ത മത്സരം കാണാന്‍ ഞാനുമുണ്ടാകും. അവിടെ ഇന്ത്യ ജയിക്കുമെന്ന് കരുതുന്നുവെന്ന് ഗാംഗുലി പറഞ്ഞു.

ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി കളിച്ചാല്‍ മാത്രമേ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കു വകയുള്ളൂവെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പിനു മുന്നോടിയായി രണ്ട് രണ്ടരയാഴ്ചകള്‍ക്കു മുന്‍പേ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തും. അവിടെവച്ച് അവസാന വട്ട പരിശീലനം നടത്തി പരസ്പരം ടീമുകളായി തിരിഞ്ഞ് കളിക്കും. ഒന്നുരണ്ട് സന്നാഹ മത്സരങ്ങളും കളിക്കുന്നുണ്ട്.

ലോകകപ്പിലേക്ക് ഇന്ത്യ നടത്തിയ സെലക്ഷന്‍സ് ടീമിന്റെ ബാലന്‍സ് തകര്‍ത്തുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഐപിഎല്ലിലെ ചില പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക് തികഞ്ഞ പരാജയമാണ്. റണ്‍നിരക്ക് ഉയര്‍ത്താന്‍ പോയിട്ട് മാന്യമായ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പോലും കാര്‍ത്തിക്കിന് സാധിക്കുന്നില്ല. ലോകകപ്പിന് മുമ്പ് ഇനി നാലു മല്‍സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.

Related Articles

Back to top button