ISLTop Stories

ബ്ലാസ്‌റ്റേഴ്‌സ് പത്രസമ്മേളനം ഉപേക്ഷിച്ചതിന് കാരണമെന്താണ്?

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെങ്കിലും കാര്യമായ മുന്നൊരുക്കവും നടത്താതെ ബ്ലാസ്റ്റേഴ്‌സ്. മത്സരത്തലേന്ന് നടത്തേണ്ടിയിരുന്ന പത്രസമ്മേളനം ടീം വേണ്ടെന്നുവച്ചിട്ടുണ്ട്. പത്രസമ്മേളനം ബഹിഷ്‌കരിച്ചതാണോ അതോ കളി മാറ്റിവയ്ക്കുമെന്ന് ഉറപ്പുകിട്ടിയതുകൊണ്ട് പ്രസ് മീറ്റ് വേണ്ടെന്ന് വച്ചതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം മറുവശത്ത് എടികെ പതിവുപോലെ പത്രസമ്മേളനം നടത്തുകയും ചെയ്തിട്ടുണ്ട്. ടീം മത്സരത്തിനായി സജ്ജമായെന്നാണ് എടികെ കോച്ച് പറഞ്ഞത്. എടികെ ക്യാമ്പില്‍ നിന്നുള്ള വിവരം അനുസരിച്ച് കോവിഡ് ബാധിച്ച കൡക്കാര്‍ പലരും നെഗറ്റീവായിട്ടുണ്ട്. എന്തുകൊണ്ടാണ് പത്രസമ്മേളനം മാറ്റിവച്ചതെന്ന് നമ്മള്‍ അന്വേഷിച്ചിരുന്നെങ്കിലും വ്യക്തമായ ഉത്തരം ബ്ലാസ്റ്റേഴ്‌സിന്റെ മീഡിയ ടീം നല്കിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ പൂര്‍ണമായും ഇതുവരെ കോവിഡിനുശേഷം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ എടികെയ്‌ക്കെതിരായ മത്സരമെന്ന കാര്യം പോലും അവരുടെ മനസിലില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മിക്ക ടീമുകളിലും കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ മത്സരങ്ങള്‍ ഇനി മാറ്റിവയ്ക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ബയോബബിളിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. മിക്ക ടീമുകളിലും രോഗബാധിതരെക്കാള്‍ കൂടുതലാണ് നെഗറ്റീവായവര്‍. അതുകൊണ്ട് തന്നെ സംഘാടകര്‍ ആത്മവിശ്വാസത്തിലാണ്.

വ്യാഴാഴ്ച്ച എടികെയ്‌ക്കെതിരേ കളിക്കേണ്ടിവന്നാല്‍ അത് ബ്ലാസ്‌റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും. കാരണം ഇപ്പോഴും നിരവധിതാരങ്ങള്‍ പോസിറ്റീവായി തുടരുകയാണ്. ഈ മത്സരം കൂടി മാറ്റിവച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അടുത്ത മത്സരത്തിനായി 10 ദിവസത്തോളം ലഭിക്കും. 20ലെ മത്സരം കഴിഞ്ഞാല്‍ പിന്നെ അടുത്ത മത്സരം ജനുവരി 30നാണ്. അതിനുമുമ്പ് കോവിഡില്‍ നിന്ന് മുക്തരായി എല്ലാവര്‍ക്കും ശരീരക്ഷമത വീണ്ടെടുക്കാനാകും. എന്തായാലും വ്യാഴാഴ്ച്ചത്തെ ഫിക്‌സ്ചറിന്റെ കാര്യത്തില്‍ വരുംമണിക്കൂറുകളില്‍ അന്തിമതീരുമാനം ഉണ്ടാകും.

Related Articles

Leave a Reply

Back to top button