Cricket

ഇതൊന്നും ആരും ഒറ്റയ്‌ക്കെടുക്കുന്ന തീരുമാനങ്ങളല്ല!! വിമര്‍ശനങ്ങളോടു പ്രതികരിച്ച് പൊള്ളാര്‍ഡ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ തോറ്റതിനു ശേഷം മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പലവിധ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു.

ഇപ്പോഴിതാ പാണ്ഡ്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്.

ഹാര്‍ദിക്കിന്റെ തീരുമാനങ്ങള്‍ ടീമിന്റെ കൂട്ടായ അഭിപ്രായങ്ങളാണെന്നും പൊളളാര്‍ഡ് പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആറ് റണ്ണിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വി.

ഏഴാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ കുറച്ചുകൂടി നേരത്തേ ബാറ്റിംഗിന് ഇറങ്ങിയിരുന്നെങ്കില്‍ മുംബൈ ജയിച്ചേനെയെന്നും ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയമാണിതെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

ഗുജറാത്തില്‍ ഹാര്‍ദിക് ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഹാര്‍ദിക് ഏഴാമനായി ബാറ്റ് ചെയ്യാന്‍എത്തിയത് ടീം കൂട്ടായെടുത്ത തീരുമാനം ആണെന്നാണ് പൊള്ളാര്‍ഡ് പറയുന്നത്.

മുംബൈ ഇന്ത്യന്‍സില്‍ ആരും ഏകാധിപതികളല്ല. ഒരാളും ഒറ്റയ്ക്ക് തീരുമാനമെടുത്ത് അത് നടപ്പാക്കാറില്ല. എല്ലാം ടീം അംഗങ്ങള്‍ കൂട്ടായി ആലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ടിം ഡേവിഡ് മുന്‍പ് നന്നായി കളിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ഹാര്‍ദിക്കിന് മുന്‍പ് ബാറ്റിംഗിന് ഇറങ്ങിയത്. അതിന് ഹാര്‍ദ്ദിക് ഇത് ചെയ്തു, ഹാര്‍ദ്ദിക് അത് ചെയ്തു എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് നിര്‍ത്താന്‍ പൊള്ളാര്‍ഡ് ആവശ്യപ്പെടുന്നു.

ടീം എന്ന നിലയില്‍ വ്യക്തമായ പദ്ധതികളോടെയാണ് മുംബൈ മുന്നോട്ട് പോകുന്നത്. ആരൊക്കെ എവിടെയൊക്കെ കളിക്കണമെന്ന് നേരത്തേ നിശ്ചയിക്കുന്നതാണ്. ഇതിന് ഹാര്‍ദിക്കിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഹാര്‍ദിക് ബൗളിംഗ് ഓപ്പണ്‍ ചെയ്തതിനെയും പൊള്ളാര്‍ഡ് ന്യായീകരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള ബൗളറാണ് ഹാര്‍ദിക്.

കഴിഞ്ഞ രണ്ടുവര്‍ഷം ഗുജറാത്തിനായി ഹാര്‍ദിക് തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞു. ഇതേ ഹാര്‍ദിക് മുംബൈയ്ക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തതില്‍ പുതുമ ഒന്നുമില്ലെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

ഫീല്‍ഡിനിടെ പാണ്ഡ്യയുടെ ചില സമീപനങ്ങളും ആരാധകരുടെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയോടു മോശമായി പെരുമാറിയെന്നതാണ് അതിലൊന്ന്. മത്സരശേഷം രോഹിത് ശര്‍മ ഹാര്‍ദികിനെ ശകാരിക്കുന്നതും കാണാമായിരുന്നു.

Related Articles

Back to top button