Cricket

ചെന്നൈയുടെ ദൈവമാണ് ധോണി !! അദ്ദേഹത്തിന്റെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരുമെന്ന് അമ്പാട്ടി റായിഡു

ഇതിഹാസ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരവുമായ എംഎസ് ധോണിയുടെ അവസാന ഐപിഎല്ലാവും ഇതെന്നാണ് കരുതപ്പെടുന്നത്.

സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ധോണി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ചെപ്പോക്കില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരമാണ് രാജസ്ഥാനെതിരേ കഴിഞ്ഞ ദിവസം നടന്നത്.

മത്സരത്തിന് ശേഷം കാണികളോട് പ്രത്യേകം യാത്ര പറഞ്ഞാണ് ഇതിഹാസ ക്യാപ്റ്റന്‍ പിരിഞ്ഞത്. ധോണിയെ ഓരോ തവണ കാമറ ഫോക്കസ് ചെയ്യുമ്പോഴും സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം അദ്ദേഹത്തോടുള്ള ആരാധകരുടെ സ്‌നേഹം വ്യക്തമാക്കുന്നതാണ്.

ഇത്തവണ കാല്‍മുട്ടിന് പരിക്കേറ്റിട്ട് പോലും അദ്ദേഹം ചെന്നൈയ്ക്കു വേണ്ടി കളിക്കാനെത്തി. ധോണിയോട് ചെന്നൈക്കാര്‍ക്കുള്ള ആത്മബന്ധത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു.

ധോണിയുടെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ പണിയുമെന്നാണ് റായുഡു പറയുന്നത്. മുന്‍ താരത്തിന്റെ വാക്കുകള്‍. ”ചെന്നൈയുടെ ദൈവമാണ് ധോണി. എനിക്കുറപ്പുണ്ട്, വരും വര്‍ഷങ്ങളില്‍ ധോണിയുടെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും.” റായുഡു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ധോണിയുടെ മറ്റു നേട്ടങ്ങളുടെ കുറിച്ചും റായുഡും സംസാരിച്ചു. ”ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. മാത്രമല്ല, ഐപിഎല്ലും ചാംപ്യന്‍സ് ട്രോഫിയും നേടാന്‍ ധോണിക്കായി. തന്റെ താരങ്ങളില്‍ വിശ്വാസമുള്ള നായകനാണ് ധോണി. എല്ലാവരും ആഘോഷിക്കുന്ന ഇതിഹാസമാണ് അദ്ദേഹം.” റായുഡു കൂട്ടിചേര്‍ത്തു.

ഇനി പ്രാഥമിക റൗണ്ടില്‍ ഒരേയൊരു മത്സരം മാത്രമാണ് ചെന്നൈയ്ക്ക് അവശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ 14 പോയിന്റുമായി പട്ടികയില്‍ മൂന്നാമതുള്ള ചെന്നൈയ്ക്ക് അടുത്ത മത്സരം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. അഥവാ തോല്‍ക്കുകയാണെങ്കില്‍ മറ്റുള്ളവരുടെ മത്സരഫലങ്ങള്‍ നിര്‍ണായകമാവും.

Related Articles

Back to top button