Cricket

ഡിആര്‍എസില്‍ മുംബൈ ഇന്ത്യന്‍സിന്റെ കള്ളക്കളി!! പഞ്ചാബ് ക്യാപ്റ്റന്റെ പരാതി കേട്ട ഭാവമില്ലാതെ അംപയര്‍

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരേ നടന്ന മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഡിആര്‍എസ് വിളിക്കുന്നതില്‍ കള്ളത്തരം കാട്ടിയെന്ന് ആരോപണം.

മത്സരത്തിനിടെ ഡഗ് ഔട്ടില്‍ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടില്‍ ഉള്ള താരങ്ങള്‍ക്ക് ഡിആര്‍എസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണു വിവാദത്തിലായിരിക്കുന്നത്.

ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തു. മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ ചൂണ്ടിക്കാണിച്ചെങ്കിലും അംപയര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നത് ശ്രദ്ധേയമായി.

ഡേവിഡ് ആംഗ്യം കാണിച്ചതിനു ശേഷമാണ് മുംബൈ വൈഡിനു വേണ്ടി ഡിആര്‍എസ് എടുത്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പഞ്ചാബ് ബോളര്‍ എറിഞ്ഞത് വൈഡാണെന്ന് അംപയര്‍ വിധിക്കുകയും ചെയ്തു.

മത്സരത്തിന്റെ 15-ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്.

ഡിആര്‍എസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു നിര്‍ദേശം നല്‍കിയത്. ടിവിയില്‍ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ്ഔട്ടില്‍നിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം.

പഞ്ചാബ് ക്യാപ്റ്റന്‍ പരാതിപ്പെട്ടിട്ടുപോലും അംപയര്‍ തീരുമാനത്തില്‍നിന്നു പിന്‍മാറിയില്ലെന്നാണ് പഞ്ചാബ് ആരാധതകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ആരോപണം.

മുംബൈയെ സഹായിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വൈഡിന്റെ സാങ്കേതികതയെച്ചൊല്ലിയും വിവാദം പുകയുകയാണ്.

ഐപിഎല്ലിലെ അംപയറിംഗ് നിലവാരത്തെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയും രംഗത്തെത്തി. മത്സരം നിയന്ത്രിക്കുന്ന തേര്‍ഡ് അംപയര്‍ക്ക് ഇക്കാര്യത്തില്‍ അനുഭവപരിചയം ഉണ്ടായിരിക്കണമെന്ന് ടോം മൂഡി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

പഞ്ചാബ് കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒന്‍പതു റണ്‍സ് വിജയമാണു സ്വന്തമാക്കിയത്.

ആദ്യം ബാറ്റു ചെയ്ത മുംബൈ 192 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് 14 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായെങ്കിലും ശശാങ്ക് സിംഗും അശുതോഷ് ശര്‍മയും ചേര്‍ന്ന് അവരെ വിജയത്തിനടുത്തെത്തിക്കുകയായിരുന്നു. മത്സരത്തില്‍ വെറും ഒമ്പതു റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. അഞ്ചു പന്തുകള്‍ ശേഷിക്കെ അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

Related Articles

Back to top button