FootballISL

വീണ്ടും ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് കൂടുമാറ്റം; യുവതാരം ചെന്നൈയ്‌നില്‍!

കേരള ബ്ലാസ്‌റ്റേഴ്‌സിന് അത്ര മെച്ചമല്ല തുടക്കമല്ല 2023 ല്‍ ലഭിച്ചത്. അവസാനം കളിച്ച രണ്ട് മല്‍സരം തോറ്റ ടീമിന് രണ്ട് പ്രധാന താരങ്ങളെ പരിക്കുമൂലം നഷ്ടപ്പെടുകയും ചെയ്തു. ഷീല്‍ഡ് മോഹം ഉപേക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് മുന്നോട്ടു പോകുന്നത്.

അവസാനം കളിച്ച രണ്ട് മല്‍സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സില്‍ പോസ്റ്റില്‍ എതിരാളികള്‍ അടിച്ചു കയറ്റിയത്. മാര്‍ക്കോ ലെസ്‌കോവിച്ചും പിന്നീട് സന്ദീപ് സിംഗും പരിക്കേറ്റ് പോയതോടെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ആരാധകര്‍.

ഇപ്പോഴിതാ ടീമിലെ യുവതാരങ്ങളില്‍ ഒരാളായ ഗിവ്‌സണ്‍ സിംഗിനെ ചെന്നൈയ്ന്‍ എഫ്‌സിക്ക് കൈമാറിയിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. ലോണിലാണ് ഗിവ്‌സണ്‍ ചെന്നൈയിലേക്ക് പോയത്. താരം ടീമിനൊപ്പം ചേര്‍ന്നു പരിശീലനം തുടങ്ങിയിട്ടുണ്ട്.

നേരത്തെ ജനുവരി വിന്‍ഡോയില്‍ സൂപ്പര്‍താരം പ്യൂട്ടിയയും ടീം വിട്ടിരുന്നു. എടികെ മോഹന്‍ ബഗാനിലേക്കാണ് താരം പോയത്. യുവതാരം സഞ്ജീവ് സ്റ്റാലിനെയും കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് വിറ്റിരുന്നു. ഇപ്പോഴത്തെ നീക്കങ്ങളില്‍ ആരാധകര്‍ പരിഭ്രാന്തിയിലാണ്.

താരങ്ങളെ വില്ക്കുന്നതല്ലാതെ വാങ്ങുന്ന തീരുമാനമൊന്നും ക്ലബ് പ്രഖ്യാപിക്കാത്തതാണ് ആരാധകരെ വേദനിപ്പിക്കുന്നത്. ഞായറാഴ്ച്ച നോര്‍ത്തീസ്റ്റിനെതിരേ കൊച്ചിയിലാണ് അടുത്ത മല്‍സരം.

ദുര്‍ബലരായ എതിരാളികളെങ്കിലും തങ്ങളുടേതായ ദിവസം അത്ഭുതം കാണിക്കാന്‍ കഴിയുന്ന ടീമാണ് നോര്‍ത്തീസ്റ്റ്. ഈ മല്‍സരം ജയിക്കാനായാല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാന്‍ സാധിക്കും.

Related Articles

Back to top button