ISLTop Stories

ഗംഭീര വാര്‍ത്ത വന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തിമിര്‍പ്പില്‍

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വന്‍ സന്തോഷം പകരുന്നൊരു വാര്‍ത്തയാണ് യുഎഇയില്‍ നിന്ന് വരുന്നത്. പ്രീസീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം നാളെ നടക്കും. ഫിഫ വിലക്കിനെ തുടര്‍ന്ന് താറുമാറായ പ്രീസീസണ്‍ ടൂറിലാണ് ഒടുവില്‍ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. നടക്കാതെ പോകുമെന്ന വാര്‍ത്തകള്‍ക്കൊടുവിലാണ് സന്തോഷ വാര്‍ത്ത എത്തുന്നത്.

ഫിഫ വിലക്ക് മാറിയാല്‍ ബാക്കിയുള്ള പ്രീസീസണ്‍ മല്‍സരങ്ങള്‍ നടക്കുമെന്ന് സ്‌പോര്‍ട്‌സ് ക്യൂ കഴിഞ്ഞയാഴ്ച്ച ക്ലബ് അധികൃതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനം.

യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ അല്‍ ജസീറ അല്‍ ഹമ്ര ക്ലബിനെയാകും ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സ് നേരിടുക. അല്‍ ജസീറ ക്ലബിന്റെ സ്റ്റേഡിയത്തിലാകും കളി നടക്കുക. നാളെ ഇന്ത്യന്‍ സമയം രാത്രി 8.30നാകും മല്‍സരമെന്നാണ് ലഭിക്കുന്ന വിവരം. കളിയുടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ചുരുങ്ങിയ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകും.

മറ്റ് ചില ക്ലബുകളുമായും കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അടുത്ത മണിക്കൂറുകളിലോ അടുത്ത ദിവസമോ തീരുമാനം അറിയാമെന്ന് ബ്ലാസ്‌റ്റേഴ്‌സിലെ ഉന്നത ഒഫീഷ്യല്‍ സ്‌പോര്‍ട്‌സ് ക്യൂ പ്രതിനിധിയോട് വെളിപ്പെടുത്തി. അങ്ങനെ വന്നാല്‍ കൊച്ചിയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിക്കാനും ടീമിന് പദ്ധതിയുണ്ട്.

എത്രമാത്രം പരിശീലന മല്‍സരം കിട്ടുന്നുവോ അത്രത്തോളം താന്‍ ഹാപ്പിയാണെന്നാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ടീം മാനേജ്‌മെന്റിനോട് പറഞ്ഞത്. അതു തന്നെയാണ് യുഎഇയില്‍ കൂടുതല്‍ ടീമുകളോട് മല്‍സരിക്കാന്‍ ടീം ശ്രമിക്കുന്നതിന് പിന്നിലെ കാരണവും.

Related Articles

Leave a Reply

Back to top button