Cricket

അയര്‍ലന്‍ഡിനെ തകര്‍ത്ത് ശ്രീലങ്ക !! തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനവുമായി ദാസുന്‍ ഷനക

ട്വന്റി20 ലോകകപ്പ് സന്നാഹമത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ശ്രീലങ്കയ്ക്ക് 41 റണ്‍സ് വിജയം. ദാസുന്‍ ഷനകയുടെ ഓള്‍റൗണ്ട് പ്രകടനമാണ് സിംഹള ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. പാത്തും നിസങ്ക(22), ക്യാപ്റ്റന്‍ വാനിന്ദു ഹസരംഗ(26), എയ്ഞ്ചലോ മാത്യൂസ്(32), ദാസൂന്‍ ഷനക(23) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അയര്‍ലന്‍ഡിനായി ജോഷ് ലിറ്റിലും ബാരി മക്കാര്‍ത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

164 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അയര്‍ലന്‍ഡ് 122 റണ്‍സിന് പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ്(21), കര്‍ട്ടിസ് കാംഫര്‍(26) എന്നിവര്‍ക്ക് മാത്രമേ 20 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ.

നാലു വിക്കറ്റ് വീഴ്ത്തിയ ദാസുന്‍ ഷനകയാണ് ഐറിഷ് പടയെ തകര്‍ത്തത്. ക്യാപ്റ്റന്‍ വാനിന്ദുസ ഹസരംഗയും മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ജൂണ്‍ മൂന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ലോകകപ്പില്‍ ശ്രീലങ്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശ്, നേപ്പാള്‍, നെതര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍.

Related Articles

Back to top button