Cricket

തീപ്പൊരി ബാറ്റിംഗുമായി ഗുല്‍ബാദിന്‍ നയ്ബ്!! അഫ്ഗാനിസ്ഥാന് വമ്പന്‍ ജയം

ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ വമ്പന്‍ വിജയവുമായി അഫ്ഗാനിസ്ഥാന്‍. 55 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ സ്‌കോട്ടിഷ് പടയെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. 30 പന്തില്‍ അഞ്ചു ഫോറും ആറു സിക്‌സും സഹിതം 69 റണ്‍സ് നേടിയ ഓപ്പണര്‍ ഗുല്‍ബാദിന്‍ നയ്ബിന്റെ ബാറ്റിംഗാണ് അവര്‍ക്ക് തുണയായത്.

36 പന്തില്‍ 48 റണ്‍സ് നേടിയ അസമത്തുള്ള ഒമര്‍സായിയാണ് അടുത്ത പ്രധാന സ്‌കോറര്‍. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം കാഴ്ച വച്ച റഷീദ് ഖാനും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏഴു പന്തില്‍ 15 റണ്‍സാണ് റഷീദ് നേടിയത്.

എന്നാല്‍ 200നു മുകളില്‍ പോകുമായിരുന്ന അഫ്ഗാനിസ്ഥാനെ അവസാന ഓവറുകളില്‍ സ്‌കോട്ടിഷ് ബൗളര്‍മാര്‍ പിടിച്ചു കെട്ടുകയായിരുന്നു.

ആദ്യ നാലോവറില്‍ തന്നെ 58 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്‍ 14 ഓവറില്‍ 150ല്‍ എത്തിയിരുന്നു. എന്നാല്‍ അവസാന ആറോവറില്‍ അവര്‍ക്ക് വെറും 28 റണ്‍സ് മാത്രമാണ് നേടായായത്. അഞ്ചു വിക്കറ്റുകളും നഷ്ടമായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്രിസ് സോളിന്റെ പ്രകടനമാണ് അഫ്ഗാനെ വന്‍സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ബ്രാഡ്‌ലി ക്യൂറി രണ്ടു വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ടോവറില്‍ 30 റണ്‍സ് വഴങ്ങിയ ബ്രാഡ്‌ലി വീല്‍ പിന്നീടുള്ള രണ്ടോവറില്‍ വെറും അഞ്ചു റണ്‍സാണ് വഴങ്ങിയത്. ഒരു വിക്കറ്റും വീഴ്ത്തി. മാര്‍ക്ക് വ്യാട്ട്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

179 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ജോര്‍ജ് മുണ്‍സി(28), മാര്‍ക്ക് വ്യാട്ട്(34) എന്നിവര്‍ക്ക് മാത്രമേ മികച്ച പ്രകടനം നടത്താനായുള്ളൂ. ക്രിസ് ഗ്രീവ്‌സ്(10), ക്രിസ് സോള്‍(12) എന്നിവര്‍ക്ക് മാത്രമേ ഇവരെക്കൂടാതെ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ.

അഫ്ഗാനിസ്ഥാനായി മുജീബ് റഹ്‌മാന്‍,കരിം ജന്നത്ത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ്, ക്യാപ്റ്റന്‍ റഷീദ് ഖാന്‍, നങ്ങേയാലിയ കരോട്ടെ, അസ്മത്തുള്ള ഒമര്‍സായി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ലോകകപ്പില്‍ ന്യൂസിലന്‍ഡും വെസ്റ്റ് ഇന്‍ഡീസും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലാണ് അഫ്ഗാനിസ്ഥാന്‍. ഉഗാണ്ടയ്‌ക്കെതിരേ ജൂണ്‍ നാലിനാണ് അവരുടെ ആദ്യ മത്സരം. പാപ്പുവ ന്യൂഗിനിയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

Related Articles

Back to top button