Cricket

അമേരിക്കയാണേത്രേ അമേരിക്ക !! ഇന്ത്യന്‍ ടീമിനായി ഒരുക്കിയത് ശരാശരിയില്‍ താഴ്ന്ന സൗകര്യങ്ങളെന്ന് പരാതി

ട്വന്റി20 ലോകകപ്പിനായി യുഎസിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഒരുക്കിയത് ശരാശരിയില്‍ താഴ്ന്ന പരിശീലന സൗകര്യങ്ങളെന്ന് വിവരം. ഇതില്‍ ടീം അതൃപ്തി അറിയിക്കുകയും ചെയ്തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കാന്റിഗ്വേ പാര്‍ക്കിലാണ് ഇന്ത്യന്‍ ടീമിന് പരിശീലനത്തിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ പരിശീലനത്തിനായി നല്‍കിയ പിച്ചുകള്‍ക്കും നിലവാരമില്ലെന്നാണ് പരാതി.

ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനെത്തിയ ടീമിന് നല്‍കിയിട്ടുള്ള സൗകര്യങ്ങള്‍ ശരാശരി നിലവാരത്തിലുള്ളതാണെന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

ഞായറാഴ്ച തുടങ്ങുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനായി ഇന്ത്യന്‍ ടീം ബുധനാഴ്ചയാണ് പരിശീലനം തുടങ്ങിയത്. ഐപിഎല്‍ മൂലം രണ്ടുമാസത്തിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ രാത്രി മത്സരങ്ങളിലായിരുന്നു.

ഈ ശീലത്തില്‍ നിന്നും പകല്‍ മത്സരങ്ങളിലേക്ക് മാറാനുള്ള ഒരുക്കമാണ് ആദ്യം നടത്തിയത്. ന്യൂയോര്‍ക്കില്‍ രാവിലെ പത്തുമണിയോടെയാണ് പരിശീലനം തുടങ്ങിയത്. വിരാട് കോഹ്‌ലി ഒഴികെ, ടീമിലെ എല്ലാവരും ന്യൂയോര്‍ക്കില്‍ എത്തിക്കഴിഞ്ഞു.

ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഒമ്പതിനാണ് പാക്കിസ്ഥാനെതിരേയുള്ള മത്സരം. രണ്ടു മത്സരങ്ങളും ന്യൂയോര്‍ക്കിലാണ്. യു.എസ്., കാനഡ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍.

Related Articles

Back to top button