Cricket

ഇന്ത്യ-പാക് മത്സരത്തിന് തീവ്രവാദ ഭീഷണി !! ഒരുക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയെന്ന് പോലീസ്

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷ ഉറപ്പുവരുത്തി പോലീസ്.

ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റാണ് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ ഒന്‍പതിന് ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം.

മത്സരത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പോലീസ് കമ്മീഷണര്‍ പാട്രിക് റൈഡര്‍ ഉറപ്പുനല്‍കി.

‘ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങള്‍ ലോകകപ്പിന് വേണ്ടി ഒരുക്കുന്നത്. ജൂണ്‍ ഒന്‍പതിന് നസാവു കൗണ്ടിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം ഇന്ത്യ-പാക് മത്സരം നടക്കുന്ന സ്റ്റേഡിയമായിരിക്കും’, പാട്രിക് പറഞ്ഞു.

ന്യൂയോര്‍ക്കിലെ സ്റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ജൂണ്‍ രണ്ടു മുതല്‍ 29 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

ടെക്സാസില്‍ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിന് പാക്കിസ്ഥാനെ നേരിടും.

ഈ രണ്ട് മത്സരങ്ങളും ന്യൂയോര്‍ക്കിലെ നസ്സാവു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. 12ന് ആതിഥേയരായ യുഎസ്സിനെയും ഇതേ ഗ്രൗണ്ടില്‍ ഇന്ത്യ നേരിടും. 15ന് കാനഡയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം.ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രൗവാര്‍ഡ് റീജണല്‍ പാര്‍ക്കിലാണ് ഈ മത്സരം നടക്കുക.

Related Articles

Back to top button