Cricket

റിങ്കുവും രാഹുലും ടീമിലില്ലെന്നോര്‍ക്കണം !! ഇന്ത്യയുടെ കിരീട സാധ്യതകളെപ്പറ്റി മുന്‍ സെലക്ടര്‍ പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പിന്റെ ആരവമുയരാന്‍ ഇനി വെറും രണ്ടു ദിവസങ്ങള്‍ കൂടി മാത്രമാണ് ബാക്കി. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനായി ടീമുകളെല്ലാം ഇതിനോടകം എത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ ടീം അമേരിക്കയിലാണ് പരിശീലനം നടത്തുന്നത്. ഇത്തവണ ശക്തമായ താരനിരയോടെയാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. സ്പിന്‍ അനുകൂല പിച്ചായതിനാല്‍ നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ലോകകപ്പിനെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറേ കാലങ്ങളായി മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായിരുന്ന കെ.എല്‍ രാഹുലിന് ഇടം ലഭിക്കാതെ പോയപ്പോള്‍ അടുത്ത കാലത്ത് സൂപ്പര്‍ ഫിനിഷറായി ഉയര്‍ന്നു വന്ന റിങ്കു സിംഗിന്റെയും ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കുന്ന ശുഭ്മാന്‍ ഗില്ലിന്റെയും സ്ഥാനം റിസര്‍വ് ലിസ്റ്റിലായി.

അടുത്ത കാലത്ത് ഇന്ത്യയ്ക്കായി ഫിനിഷര്‍ റോളില്‍ അത്യുജ്ജല പ്രകടനം കാഴ്ച വച്ച റിങ്കു സിംഗിനെ ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരു പറഞ്ഞ് റിസര്‍വ് താരമാക്കിയതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറും മുന്‍ താരവുമായ ദിലീപ് വെംഗ്‌സര്‍ക്കാര്‍.
‘ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. രാഹുലും ഗില്ലും റിങ്കുവും പോലും പുറത്തിരിക്കണമെങ്കില്‍ ടീം എത്രത്തോളം ശക്തമാണെന്ന് നോക്കുക”. വെംഗ്‌സര്‍ക്കാര്‍ പറഞ്ഞു.

ഇത് വളരെ കരുത്തുറ്റ നിരയാണ്. നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായതിനാല്‍ ലോകകപ്പില്‍ എല്ലാവിധ ആശംസകളും ഇന്ത്യന്‍ ടീമിന് നേരുന്നു. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ഫോമിലേക്കെത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എന്നാല്‍ ടി20യില്‍ ഒരാള്‍ മാത്രം പ്രധാനപ്പെട്ട താരമാണെന്ന് പറയാം. കാരണം ഓരോ താരങ്ങളും ടീമിലെ പ്രധാനപ്പെട്ടവരാണ്. എന്നാല്‍ ആദ്യത്തെ ആറ് താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്.

എങ്ങനെയാണ് ഇവര്‍ തുടങ്ങുന്നതെന്നത് നിര്‍ണ്ണായകമാണ്. ഈ ഫോര്‍മാറ്റില്‍ എന്തും സംഭവിക്കാം. ഓരോ സമയത്തും ഓരോ മാച്ച് വിന്നര്‍മാര്‍ ഉണ്ടായേക്കാം’ വെങ്സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ പ്രകടനമായിരുന്നു സെലക്ഷന്‍ പ്രക്രിയയില്‍ അന്തിമമായത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും സഞ്ജു സാംസണും ടീമിലെത്തിയപ്പോള്‍ ഓപ്പണറായി ഗില്ലിനെ തഴഞ്ഞ് യശസ്വി ജയ്‌സ്വാളിനെയാണ് പരിഗണിച്ചത്.

ഈ ഐപിഎല്‍ സീസണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ വന്നതാണ് റിങ്കു സിംഗിന് വിനയായത്. സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശിവം ദുബെ അതോടെ റിങ്കുവിനെ മറികടന്ന് ടീമിലെത്തി.

നോക്കൗട്ട് മത്സരങ്ങളിലെ അസ്ഥിരതയാണ് ട്വന്റി20 ലോകകപ്പുകളില്‍ ഇന്ത്യയെ എപ്പോഴും ചതിക്കുന്നത്.

2013ന് ശേഷം ഒരു ഐസിസി ട്രോഫി ഇന്ത്യയ്ക്ക് അന്യമാണ്. സീനിയര്‍ താരങ്ങളുടെ പ്രകടനത്തെ അനുസരിച്ചിരിക്കും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുമ്പോട്ടുള്ള പ്രയാണം.

കടലാസിലെ കരുത്ത് കളിക്കളത്തില്‍ പുറത്തെടുക്കാനായാല്‍ ലോകകപ്പ് കിരീടത്തോടെ രാഹുല്‍ ദ്രാവിഡിന് യാത്രയയപ്പ് നല്‍കാന്‍ ഇന്ത്യയ്ക്കാവും.

Related Articles

Back to top button