Cricket

ഓസീസിനെ ഓടിച്ചിട്ടടിച്ച് നിക്കോളാസ് !! എതിരാളികള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കി വമ്പന്‍ വിജയവുമായി വിന്‍ഡീസ്

ട്വന്റി20 ലോകകപ്പ് ഇക്കുറി നാട്ടില്‍ നടക്കുമ്പോള്‍ തങ്ങള്‍ രണ്ടും കല്‍പ്പിച്ചാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ് വിന്‍ഡീസ് ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര 3-0ന് സ്വന്തമാക്കിയ ശേഷം ഇപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹമത്സരത്തില്‍ വമ്പന്‍ വിജയമാണ് അവര്‍ നേടിയിരിക്കുന്നത്.

ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഓസീസിന്റെ മറുപടി 222ല്‍ അവസാനിച്ചതോടെ വിന്‍ഡീസിന് 35 റണ്‍സിന്റെ ഉജ്ജ്വല വിജയം.

ആദ്യ ഓവറു മുതല്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരേ വിന്‍ഡീസ് ബാറ്റര്‍മാരുടെ കടന്നാക്രമണമാണ് സ്‌റ്റേഡിയം കണ്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂറനാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ ഏറെ വിഷമിപ്പിച്ചത്. വെറും 25 പന്തില്‍ 75 റണ്‍സാണ് പൂറന്‍ അടിച്ചു കൂട്ടിയത്. അഞ്ചു ഫോറും എട്ടു പടുകൂറ്റന്‍ സിക്‌സറുകളുമടങ്ങുന്നതായിരുന്നു പൂറന്റെ ഇന്നിംഗ്‌സ്.

ജോണ്‍സണ്‍ ചാള്‍സ്(40), റോവ്മാന്‍ പവല്‍(25 പന്തില്‍ 52), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്(18 പന്തില്‍ 47) എന്നിവരും വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്.

നാലോവറില്‍ 62 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ആദം സാംപയാണ് ഏറ്റവും വലിയ തല്ലുകൊള്ളിയായത്. പേസര്‍ ജോഷ് ഹേസില്‍ വുഡ് 55 റണ്‍സ് വിട്ടു കൊടുത്തപ്പോള്‍ മറ്റൊരു സ്പിന്നര്‍ ആഷ്ടന്‍ ആഗര്‍ 58 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. നാലോവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ടിം ഡേവിഡായിരുന്നു തമ്മില്‍ ഭേദം.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ആക്രമിച്ചാണ് കളിച്ചതെങ്കിലും 60 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. പൊരുതി കളിച്ച അവര്‍ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

30 പന്തില്‍ 55 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അഞ്ചു ഫോറും ആറു സിക്‌സും അടങ്ങുന്നതായിരുന്നു ഇംഗ്ലിസിന്റെ ഇന്നിംഗ്‌സ്.

ആഷ്ടന്‍ ആഗര്‍(28),ടിം ഡേവിഡ്(25), നഥാന്‍ എല്ലിസ്(39), ആദം സാംപ(21) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
വിന്‍ഡീസിനായി ഗുഡാകേശ് മോട്ടി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ജൂണ്‍ രണ്ടിന് പാപ്പുവാ ന്യൂഗിനിയ്‌ക്കെതിരേയാണ് ലോകകപ്പില്‍ വിന്‍ഡീസിന്റെ ആദ്യ മത്സരം.കളിക്കാരെല്ലാം മികച്ച ഫോമിലാണെന്നതും കളി നടക്കുന്നത് സ്വന്തം നാട്ടിലായതും വിന്‍ഡീസിന് അനുകൂലമാണ്.

നൂസിലന്‍ഡും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന സി ഗ്രൂപ്പിലാണ് വിന്‍ഡീസ്. ഉഗാണ്ടയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

Related Articles

Back to top button