FootballISL

ആദ്യ നാലില്‍ 10, ബാക്കി നാലില്‍ വെറും 2!! പഴുതടച്ച് വുക്കുമനോവിച്ച് മാജിക് !!

കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇവാന്‍ വുക്കുമനോവിച്ച് എന്ന പരിശീലകന്‍ കുത്തിവയ്ക്കുന്ന മരുന്ന് എന്താണ്? ഐഎസ്എല്‍ ക്ലബുകളുടെ പരിശീലകരും ആരാധകരും ഒരുപക്ഷേ ചോദിച്ചു പോയേക്കാവുന്ന ചോദ്യമാകുമിത്. കഴിഞ്ഞ സീസണിലും ഈ സീസണിലും അതിദയനീയമായി തുടങ്ങിയ ഒരു ടീമാണ് ഇപ്പോള്‍ പഴുതുകളെല്ലാം അടച്ച് കൃത്യമായ വഴിയിലൂടെ മുന്നേറുന്നത്.

ഈ സീസണിന്റെ ആദ്യത്തെ നാല് മല്‍സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ദയനീയമായിരുന്നു. ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മല്‍സരത്തിലെ ജയം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നിരാശയായിരുന്നു ഫലം. ആദ്യ നാലു മല്‍സരങ്ങളില്‍ നിന്ന് ടീം വഴങ്ങിയത് 10 ഗോളുകളാണ്. ഇതില്‍ പല ഗോളുകളും പ്രതിരോധ നിരയുടെ ആലസ്യത്തില്‍ നിന്നുമായിരുന്നു.

തൊട്ടതെല്ലാം പിഴച്ച് നില്‍ക്കുമ്പോഴാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ടീം അംഗങ്ങളുടെ സുദീര്‍ഘമായ ഒരു മീറ്റിംഗ് വിളിക്കുന്നത്. ടീം ഉടമകളെല്ലാവരും വന്ന ഈ യോഗത്തിനുശേഷം ടീം ഒരിക്കല്‍ പോലും തോറ്റിട്ടില്ല. അവസാനം കളിച്ച നാലില്‍ വെറും രണ്ട് ഗോളുകള്‍ മാത്രമാണ് ടീം വഴങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആത്മാര്‍ഥതയെയും പിന്തുണയെയും വിലമതിക്കണമെന്ന വാക്കുകള്‍ കളിക്കാര്‍ ഒരേ മനസോടെ ഏറ്റെടുക്കുകയായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ തിരിച്ചു വരവിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് ജെസലിനെ മാറ്റി അഡ്രിയാന്‍ ലൂണയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ചതോടെയാണ്. ചില മനുഷ്യരുടെ കൂടെ നടന്നാല്‍ എത്ര മടിയനാണെങ്കിലും നിങ്ങള്‍ നിങ്ങളുടെ ആലസ്യത്തെ കടലിലെറിയും. അതുപോലൊരു മനുഷ്യനാണ് ലൂണ. കൂടെ കളിക്കുന്നവരെ പോലും പ്രചോദിപ്പിക്കുന്നയാള്‍. അതു കളി മികവു കൊണ്ട് മാത്രമല്ല കളത്തിലും പുറത്തു പകര്‍ന്നു നല്‍കുന്ന സ്‌നേഹം കൊണ്ട് കൂടിയാണ്.

തന്റെ സഹതാരങ്ങളെ അത്രമേല്‍ പ്രചോദിപ്പിക്കുന്ന മറ്റൊരു ക്യാപ്റ്റന്‍ ഐഎസ്എല്ലില്‍ വേറൊരു ടീമിലും ഉണ്ടാകില്ല. രാഹുലും സഹലും നിഷുകുമാറുമെല്ലാം തങ്ങളുടെ എല്ലാം ടീമിനായി നല്‍കുന്നതിന് ഒരു കാരണം ലൂണയുടെ നായക മികവ് തന്നെയാണ്.

ടീമിനെ കൃത്യമായ പ്ലാറ്റ്‌ഫോമിലൂടെ കൊണ്ടുപോകുന്ന ഇവാന്‍ വുക്കുമനോവിച്ചിനും ക്രെഡിറ്റ് നല്‍കണം. കളിക്കാരെ സ്വന്തം സഹോദരങ്ങളെ പോലെ കരുതലും സ്വാതന്ത്രവും നല്‍കിയാണ് വുക്കുമനോവിച്ച് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ദീര്‍ഘ സീസണിനൊടുവില്‍ കളിക്കാര്‍ സ്വന്തം വീടുകളിലേക്ക് പോകുമ്പോള്‍ പൊട്ടിക്കരഞ്ഞുവെങ്കില്‍ ആ ക്യാമ്പിലെ ഐക്യവും സ്‌നേഹവും നിങ്ങള്‍ക്ക് കൃത്യമായി മനസിലാക്കാനാകും.

എന്തായാലും ഈ സീസണിലും ബ്ലാസ്റ്റേഴ്‌സ് ശരിയായ ട്രാക്കില്‍ തന്നെയാണെന്ന് ഈ മല്‍സരങ്ങള്‍ അടിവരയിടുന്നു. മുംബൈ സിറ്റിയും ഹൈദരാബാദുമെല്ലാം ഉയര്‍ത്തുന്ന ഭീഷണികള്‍ മറികടന്ന് ഷീല്‍ഡ് കരസ്ഥമാക്കാന്‍ ടീമിന് ഇനിയുമേറെ മുന്നേറാനുണ്ട്. വുക്കുമനോവിച്ചിനും സംഘത്തിനും അതിനു സാധിക്കുമെന്ന് ഉറപ്പാണ്.

Related Articles

Back to top button