Cricket

ട്വന്റി20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തെ പ്രവചിച്ച് റിക്കി പോണ്ടിംഗ്!! അമ്പരന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പിന് തിരശ്ശീലയുയരാന്‍ രണ്ടു ദിവസം കൂടിയാണ് ബാക്കിയുള്ളത്. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്.

ഉജ്ജ്വല ഫോമിലുള്ള സൂപ്പര്‍താരം വിരാട് കോഹ് ലി നയിക്കുന്ന ബാറ്റിംഗ് നിരയും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിരയും ഇന്ത്യയുടെ കിരീടമോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ കെല്‍പ്പുള്ളതാണ്.

അതേസമയം ലോകകപ്പിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ ആരെന്ന് പ്രവചിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്.

ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുള്ള ഒരു താരത്തെയാണ് പോണ്ടിംഗ് മികച്ച റണ്‍വേട്ടക്കാരനാകാന്‍ സാധ്യതയുള്ള താരമായി തെരഞ്ഞെടുത്തിരിക്കുന്നത്.

എന്റെ പ്രവചനപ്രകാരം ട്രവിസ് ഹെഡാവും റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. അവന്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്.

വെള്ളബോളിലും ചുവപ്പ് ബോളിലും ഒരുപോലെ തിളങ്ങുന്നു. പ്രതിഭയുള്ള താരമാണവന്‍. ആരേയും ഭയമില്ലാത്ത ക്രിക്കറ്റാണ് ഇപ്പോള്‍ അവന്‍ കാഴ്ചവെക്കുന്നത്.

ഐപിഎല്ലില്‍ അവന്റെ പ്രകടനത്തില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടായിരുന്നു. എന്നാല്‍ അവന്‍ ഫോമിലെത്തിയാല്‍ മത്സരഫലം മാറ്റുന്നതാവും അത്. സ്ഥിരതയോടെ കളിക്കാന്‍ കഴിയുന്ന അവനാവും ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ മുമ്പിലെത്തുക. പോണ്ടിംഗ് പറയുന്നു.

ജൂണ്‍ 2ന് ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ യു.എസ്.എയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് ഘട്ടത്തിലേക്ക് മുന്നേറുന്ന വിധമാണ് മത്സരഘടന.

സൂപ്പര്‍ എട്ടിലെത്തുന്ന ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച പ്രകടനം നടത്തുന്ന രണ്ടു ടീമുകള്‍ വീതം സെമിയിലെത്തും. ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഫൈനല്‍.

Related Articles

Back to top button