Cricket

ലോകകപ്പില്‍ ഏവരും ഭയക്കേണ്ട ടീം ഇന്ത്യ!! ഇതിന്റെ കാരണമായി മൈക്കല്‍ ക്ലര്‍ക്ക് പറയുന്നത്…

വെറും രണ്ടു ദിവസങ്ങള്‍ കൂടി മാത്രമാണ് ട്വന്റി20 ലോകകപ്പിന് തിരശ്ശീലയുയരാനായി അവശേഷിക്കുന്നത്. നാലു ഗ്രൂപ്പുകളായി 20 ടീമുകള്‍ ഇത്തവണ മത്സരിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

സന്നാഹമത്സരങ്ങളില്‍ തന്നെ ആവേശം അണപൊട്ടിക്കഴിഞ്ഞു. ഇതോടൊപ്പം പ്രവചനങ്ങളുമായി പല പ്രമുഖരും രംഗത്തുണ്ട്.

എന്തായാലും ഇന്ത്യക്ക് സെമിയില്‍ സീറ്റുണ്ടാവുമെന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ കരുത്തില്‍ ആര്‍ക്കും സംശയമില്ല.

എന്നാല്‍ കിരീടത്തിലേക്കെത്താനുള്ള ഭാഗ്യമുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യയെ എല്ലാവരും കരുതിയിരിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെയാണ് ക്ലാര്‍ക്ക് ഉയര്‍ത്തിക്കാട്ടുന്നത്.

‘ഇന്ത്യ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തി ആ സാഹസത്തിന് ധൈര്യം കാട്ടിയിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് ഈ നീക്കം.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചുള്ള അനുഭവസമ്പത്തില്‍ നിന്ന് എനിക്ക് മനസിലായിട്ടുള്ളത് സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ടെന്നാണ്. സ്പിന്നാവും ടീമിന്റെ ജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്.

ലോകകപ്പില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്ന എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമായിരിക്കും ഇന്ത്യ’ ക്ലാര്‍ക്ക് പറഞ്ഞു.

ഇതിനോടകം രാജ്യാന്തര മത്സരങ്ങളില്‍ മികച്ചവര്‍ എന്നു പേടുത്തവരാണ് ഇന്ത്യയുടെ നാലു സ്പിന്നര്‍മാരും. ഇടങ്കയ്യന്‍ ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് 35 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 59 വിക്കറ്റുകളാണ്.

6.74 എന്ന മികച്ച ഇക്കോണമിയും താരത്തിനുണ്ട്. യൂസ്വേന്ദ്ര ചഹല്‍ ആദ്യമായാണ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്.

ഈ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് ചഹല്‍ പുറത്തെടുത്തത്. രാജ്യന്തര ട്വന്റി20യില്‍ 80 മത്സരങ്ങളില്‍ നിന്ന് 96 വിക്കറ്റാണ് ചഹലിന്റെ സമ്പാദ്യം.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍പട്ടേലും ബാറ്റിംഗിലും ബൗളിംഗിലും മികവു തെളിയിച്ചവരാണ്. ഇരുവരും ഈ ഐപിഎല്ലില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. റണ്‍സ് വഴങ്ങാനുള്ള പിശുക്കാണ് അക്ഷറിനെ വ്യത്യസ്ഥനാക്കുന്നത്.

വിരാട് കോലി, രോഹിത് ശര്‍മ, യശ്വസി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിങ്ങനെ ഏതു ടീമും കൊതിക്കുന്ന ബാറ്റിംഗ് നിരയും ഇന്ത്യയ്ക്ക് സ്വന്തമാണ്.

്. ‘ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെന്ന് പറയാം. കാരണം അത്രത്തോളം ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചാണ് അവര്‍ ലോകകപ്പിനെത്തുന്നത്. ഐപിഎല്ലിലൂടെ മികച്ച മുന്നൊരുക്കമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും താരങ്ങള്‍ സവിശേഷ പ്രതിഭയുള്ളവരാണ്’ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button