FootballISL

ഇവാന്റെ പിന്‍ഗാമി ഇന്ത്യന്‍ ‘കഠിനവഴി’ താണ്ടിയ സൂപ്പര്‍ കോച്ച്? ഇന്ത്യന്‍ തന്ത്രജ്ഞനും സാധ്യത?

ഇവാന്‍ വുക്കുമനോവിച്ച് ഈ സീസണോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക റോളില്‍ നിന്നും മാറിയേക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. യൂറോപ്പിലേക്ക് വീണ്ടും തിരിച്ചു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഇവാന്‍ മഞ്ഞപ്പടയുമായി പിരിയുന്നതാണ് വിവിധ മാധ്യമങ്ങള്‍ നല്കുന്ന സൂചന.

ബ്ലാസ്റ്റേഴ്‌സില്‍ ഏറ്റവും വിജയിച്ച കോച്ചുമാരുടെ പട്ടികയില്‍ തലപ്പത്ത് തന്നെയാണ് വുക്കുമനോവിച്ചിന്റെ സ്ഥാനം. ഒരുകൂട്ടം യുവതാരങ്ങളെ വച്ച് ടീമിന് വലിയ റിസല്‍ട്ടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ വുക്കുമനോവിച്ചിന്റെ പിന്‍ഗാമിയുടെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

പുതിയൊരു കോച്ചിനെ കൊണ്ടുവരുന്നതിലും ഇന്ത്യയില്‍ കഴിവുതെളിയിച്ച പരിശീലകരില്‍ നിന്നൊരാളെ ചുമതലയേല്‍പ്പിക്കാനാണ് സാധ്യത കൂടുതല്‍. പല പേരുകളും അതുകൊണ്ട് തന്നെ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്.

എഫ്‌സി ഗോവയുടെ തന്ത്രജ്ഞന്‍ മനോലോ മാര്‍ക്കസിന്റെ പേരാണ് ഇൗ കൂട്ടത്തില്‍ സജീവമായി നില്‍ക്കുന്നത്. വലിയ തുക നല്കി മനോലോയെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചാല്‍ ടീമിനത് വലിയ നേട്ടമാകും. ഹൈദരാബാദ് എഫ്‌സിയെ ശൂന്യതയില്‍ നിന്നും കിരീടത്തിലേക്ക് എത്തിച്ചത് അടക്കം ഇന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ പരിശീലകനാണ് അദേഹം.

ഈ സ്പാനിഷ് കോച്ചുമായി കരാര്‍ ബാക്കിയുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സിലേക്ക് വലിയ ഓഫര്‍ നല്കിയാല്‍ നിരസിക്കാനുള്ള സാധ്യത കുറവാണ്. എഫ്‌സി ഗോവയ്ക്ക് ആരാധകരില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്‍ താന്‍ അതൃപ്തനാണെന്ന് മനോലോ തന്നെ വ്യക്തമാക്കിയിരുന്നു.

യുവതാരങ്ങളില്‍ നിന്നും പരമാവധി റിസല്‍ട്ട് ഉണ്ടാക്കിയെടുക്കുന്നതില്‍ മിടുക്കനാണ് ഈ സ്പാനിഷുകാരന്‍. കളത്തിലും പുറത്തും ഇവാന്റെ ശൈലിയും ഇടപെടലുകളുമായും വലിയ വ്യത്യാസവും അദേഹത്തിന് ഇല്ലെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സാഹചര്യങ്ങളുമായി നല്ല രീതിയില്‍ പൊരുത്തപ്പെട്ടതിനാല്‍ തന്നെ ടീമുമായി ഇഴുകിചേരാനും എളുപ്പമാണ്. മനോലോ പക്ഷേ ഇത്തരമൊരു ഓഫര്‍ വന്നാല്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ബ്ലാസ്‌റ്റേഴ്‌സിന് പരീക്ഷിക്കാവുന്ന മറ്റൊരാള്‍ ജെംഷഡ്പൂര്‍ എഫ്‌സിയുടെ ഇന്ത്യന്‍ കോച്ച് ഖാലിദ് ജമീല്‍ ആണ്. ഖലീദിന്റെ കീഴില്‍ മികച്ച തിരിച്ചുവരവാണ് നടത്തുന്നത്. യുവതാരങ്ങളില്‍ നിന്ന് മാക്‌സിമം റിസല്‍ട്ടുണ്ടാക്കാനും അദേഹത്തിന് സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ പരിശീലകരെ രണ്ടാംതരക്കാരായി കാണുന്ന സമീപനമാണ് ഐഎസ്എല്‍ ക്ലബുകള്‍ക്ക്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ കോച്ചിനെ പൂര്‍ണമായും ചുമതല ഏല്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സും തയാറായേക്കില്ല. എന്തായാലും വലിയ സര്‍പ്രൈസ് അടുത്ത കോച്ചിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാം.

Related Articles

Back to top button