Football

റാഷ്‌ഫോര്‍ഡ് ഗോളടിച്ച ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തിയതിന് പിന്നിലൊരു നൊമ്പരക്കഥ!

അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വെയ്ല്‍സിനെതിരേ ഗോള്‍ നേടിയ ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഉറ്റസുഹൃത്ത് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്.

ഈ സുഹൃത്തിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ വിതുമ്പിയാണ് ഗോള്‍ റാഷ്‌ഫോര്‍ഡ് സമര്‍പ്പിച്ചത്. തന്റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായ സ്വാധീനം ചെലുത്തിയ ആളായിരുന്നു മരിച്ചു പോയ സുഹൃത്തെന്ന് റാഷ്‌ഫോര്‍ഡ് അനുസ്മരിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് എന്റെ ആത്മസുഹൃത്തിനെ നഷ്ടമായി. ക്യാന്‍സറുമായി പോരടിക്കുകയായിരുന്നു അവന്‍, എന്റെ ജീവിതത്തിലെ എല്ലാമായിരുന്ന അവന് വേണ്ടി ഗോള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണ്’- ഇങ്ങനെ പോകുന്നു റാഷ്ഫോഡിന്റെ വാക്കുകള്‍. അതേസമയം സുഹൃത്തിന്റെ പേര് വിവരങ്ങളൊന്നും റാഷ്ഫോഡ് വെളിപ്പെടുത്തിയില്ല.

രണ്ട് ഗോളുകളാണ് വെയില്‍സ് വലയില്‍ റാഷ്ഫോഡ് എത്തിച്ചത്. മത്സരത്തിന്റെ 50, 68മിനുറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ട് അടിക്കുന്ന 100ാം ഗോള്‍ എന്ന പ്രത്യേകതയും റാഷ്ഫോഡിന്റെ ആദ്യ ഗോളിനുണ്ടായിരുന്നു. മാത്രമല്ല, ഈ ലോകകപ്പിലെ ആദ്യ ഫ്രീകിക്ക് ഗോള്‍. മറ്റൊരു പ്രത്യേകത കൂടിയുണ്ട്, 1966ല്‍ ബോബി ചാള്‍ട്ടന് ശേഷം ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.

ഈ ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ രണ്ടിലും ജയിച്ച അവര്‍ യുഎസ്എയോട് മാത്രമാണ് സമനില വഴങ്ങിയത്. ഇതുവരെ 9 ഗോളുകള്‍ നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Related Articles

Back to top button