FootballISL

ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിനോട് ഗുഡ്‌ബൈ ? മാനേജ്‌മെന്റ് റഡാറില്‍ ടോപ് പരിശീലകര്‍!! 2024 ല്‍ എല്ലാം ഒന്നില്‍ നിന്ന്!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വലിയ തോതില്‍ ഫാന്‍ബേസുള്ള അപൂര്‍വം ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മറ്റ് ടീമുകള്‍ ഗ്യാലറിയിലേക്ക് ആളെ എത്തിക്കുന്നതില്‍ വലിയ തോതില്‍ പരാജയമാകുമ്പോള്‍ ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

ഇത്രയും സീസണുകള്‍ പിന്നിട്ടിട്ടും കിരീടം ഒരിക്കല്‍പ്പോലും നേടാന്‍ സാധിച്ചില്ലെങ്കിലും ആരാധകര്‍ ശക്തമായ പിന്തുണയുമായി പിന്നിലുണ്ട്. ഈ ലസീസണില്‍ തുടക്കത്തില്‍ ഗംഭീര പ്രകടനത്തോടെ മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ ജനുവരി തുടങ്ങിയതു മുതല്‍ കഷ്ടകാലമാണ്.

സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ പരിക്കേറ്റ് കളംവിട്ടതോടെയാണ് തന്ത്രങ്ങളെല്ലാം മഞ്ഞപ്പടയ്ക്ക് പിഴച്ചുതുടങ്ങിയത്. കളത്തിലെ പ്രകടനത്തിനൊപ്പം ഇപ്പോഴിതാ എഐഎഎഫ്എഫിന് 4 കോടിയില്‍ അധികം രൂപ പിഴയായി അടയ്ക്കാനും രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതി വിധി വന്നിരിക്കുന്നു.

ടീമിന്റെ പ്രകടനം നാള്‍ക്കുനാള്‍ മോശമായി വരുന്നതിനിടെ ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കുമെന്നതാണ്. ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ മല്‍സര ബഹിഷ്‌കരണം മുതല്‍ ഇവാനുമായി ക്ലബ് മാനേജ്‌മെന്റ് അത്ര നല്ല രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കളംവിടാനുള്ള കോച്ചിന്റെ തീരുമാനം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിരുന്നു. എങ്കിലും പരസ്യമായി കോച്ചിന്റെ തീരുമാനത്തോടെ എതിര്‍പ്പ് അറിയിച്ചിരുന്നില്ല.

ഇപ്പോള്‍ ടീമിന്റെ പ്രകടനം താഴേക്ക് പതിച്ചതോടെ അടുത്ത സീസണില്‍ മാറ്റത്തിനുള്ള സാധ്യത തുറന്നിരിക്കുകയാണ്. ഇവാന് യൂറോപ്പില്‍ നിന്ന് കൂടുതല്‍ മികച്ച ഓഫറുകള്‍ വരുന്നതും ടീം മാറ്റത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

വര്‍ഷത്തില്‍ പകുതിയിലേറെ ദിവസങ്ങള്‍ ഇന്ത്യയില്‍ തങ്ങേണ്ട അവസ്ഥയിലാണ് വുക്കുമനോവിച്ച്. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായി കോച്ചിംഗില്‍ നിന്ന് ഇടവേളയെടുക്കുകയോ അല്ലെങ്കില്‍ യൂറോപ്പിലേക്ക് തട്ടകം മാറ്റുകയോ എന്ന തീരുമാനത്തിലാണ് അദേഹം.

ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും ഇത്തരമൊരു തീരുമാനത്തോടെ നോ പറയില്ലെന്നാണ് സൂചനകള്‍. അടുത്ത സീസണില്‍ ടീം ബജറ്റില്‍ വലിയ തോതില്‍ കുറവു വരാനുള്ള സാധ്യതകളും കാണുന്നുണ്ട്. നാലര കോടിയോളം രൂപ എത്രയും പെട്ടെന്ന് പിഴയായി അടയ്‌ക്കേണ്ടതാണ് കാരണം.

ഇത് അടുത്ത സീസണിലേക്കുള്ള ഒരുക്കത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകര്‍ക്കുമുണ്ട്. അതേസമയം, ഇവാന്‍ പോയാലും ഐഎസ്എല്ലില്‍ കഴിവുതെളിയിച്ച കോച്ചുമാരെ തട്ടകത്തിലെത്തിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് പ്രമുഖ ഐഎസ്എല്‍ കോച്ചുമാരില്‍ മാനേജ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അതെല്ലാം ഊഹപോഹങ്ങളായി തുടരുകയാണ്. എന്തായാലും അടുത്ത സീസണില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീതി ശക്തമാണ്.

Related Articles

Back to top button