ISLTop Stories

ഐഎസ്എല്‍ ഇത്തവണ വന്‍ മാറ്റങ്ങള്‍; എല്ലാ ദിവസവും കളിയില്ല!!

ഈ സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ വന്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി. മല്‍സര ദിനങ്ങളുടെ കാര്യത്തിലാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ ദിവസവും മല്‍സരങ്ങളെന്ന രീതി ഇത്തവണ മാറും. പകരം വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാകും മല്‍സരങ്ങള്‍ നടക്കുക. കൂടുതല്‍ ആരാധകരെ സ്റ്റേഡിയത്തിലേക്കും ടിവിക്കു മുന്നിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

ഞായറാഴ്ച്ചകളില്‍ രണ്ട് മല്‍സരങ്ങളുണ്ടാകും. കൂടുതല്‍ പേര്‍ക്ക് അവധിയുള്ള ദിനമായതിനാലാണ് ഞായറാഴ്ച്ച കൂടുതല്‍ മല്‍സരങ്ങള്‍ വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരങ്ങളെല്ലാം ഞായറാഴ്ച്ചയാകും നടക്കുക. ഇതില്‍ കുറച്ചു മല്‍സരങ്ങള്‍ ഞായറാഴ്ച്ച രണ്ടാമത്തെ മല്‍സരമായി നടത്താനും സാധ്യതയുണ്ട്. ടിവി റേറ്റിംഗ് പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്‌സിന് ഞായറാഴ്ച്ച മല്‍സരം നല്‍കുന്നത്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മല്‍സരങ്ങളില്ലാതാകുന്നത് ടീമുകള്‍ക്കും കളിക്കാര്‍ക്കും നല്ലതാണ്. പരിക്കില്‍ നിന്ന് ഭേദമാകാനും മല്‍സരങ്ങള്‍ക്കായി തയാറെടുക്കാനും കൂടുതല്‍ സമയം കിട്ടും. കഴിഞ്ഞ സീസണുകളിലൊക്കെ ഒരാഴ്ച്ച മൂന്നു മല്‍സരങ്ങളൊക്കെ ചില ടീമുകള്‍ക്ക് കളിക്കേണ്ടി വന്നിരുന്നു. ഈ അവസ്ഥ മാറും. പുതിയ മാറ്റത്തോടെ ടീമുകള്‍ക്ക് ആഴ്ച്ചയില്‍ ഒരു മല്‍സരം മാത്രമേ കളിക്കേണ്ടി വരൂ.

വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് എതിരാളികളായി വരുന്നത് ഈസ്റ്റ് ബംഗാളാണ്. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ ഒക്ടോബര്‍ ഏഴിന് നടക്കാനാണ് സാധ്യത.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എടികെയും ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരങ്ങള്‍ കളിക്കുന്നത്. ഈ രീതിയാണ് മാറുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വില്പനയും സെപ്റ്റംബര്‍ ആദ്യ വാരം തുടങ്ങും.

ഇത്തവണ പതിവ് ഹോം ആന്‍ഡ് എവേ രീതി തിരിച്ചു വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആരാധകരെല്ലാം ആവേശത്തിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മല്‍സരങ്ങള്‍. ടീമുകളെല്ലാം പ്രീസീസണ്‍ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സീസണ്‍ ആണ് ഇത്തവണത്തേത്.

Related Articles

Leave a Reply

Back to top button