ISLTop Stories

ഐഎസ്എല്‍ അധികൃതര്‍ക്കെതിരേ ആഞ്ഞടിച്ച് ഹൈദരാബാദ് കോച്ച്

ഇന്ത്യന്‍ സൂപ്പര്‍ലീഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ പോലെ പെരുമാറുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് കോച്ച് രംഗത്ത്. കഴിഞ്ഞദിവസം ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരമാണ് അദേഹത്തിന്റെ രോഷത്തിന് കാരണം. ഹൈദരാബാദ് ടീമിലെ എട്ടുതാരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ടീമിലെ നിരവധി പേര്‍ രോഗബാധിതരായിട്ടും നിര്‍ബന്ധിച്ച് കളിക്കാനിറക്കിയതിനെതിരേയാണ് കോച്ച് മനോലെ മാര്‍ക്കസിന്റെ രോഷപ്രകടനം. ട്വിറ്ററിലൂടെയാണ് തന്റെ അതൃപ്തി അദേഹം പരസ്യമാക്കിയത്.

മുമ്പ് എടികെ മോഹന്‍ ബഗാന്റെ താരങ്ങള്‍ക്ക് കോവിഡ് വന്നപ്പോള്‍ അവരുടെ മത്സരങ്ങള്‍ സംഘാടകര്‍ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതേ അവസ്ഥ തങ്ങള്‍ക്ക് വന്നപ്പോള്‍ ഇരട്ടത്താപ്പാണ് സംഘാടകരില്‍ നിന്ന് വന്നതെന്ന് കോച്ച് പറയുന്നു. ജെംഷഡ്പൂരിനെതിരേ നടന്ന മത്സരം തോറ്റതോടെ ഷീല്‍ഡ് ജേതാക്കളാകാമെന്ന ഹൈദരാബാദിന്റെ സ്വപ്‌നം പൊലിയുകയും ചെയ്തു. ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെ, ഡിഫന്‍ഡര്‍ ജൂവാന്‍, ഗോള്‍കീപ്പര്‍ ലക്ഷ്മീകാന്ത് കട്ടിമണി തുടങ്ങി പ്രധാന താരങ്ങളെയെല്ലാം ഹൈദരാബാദിന് ജെംഷഡ്പൂരിനെതിരായ മത്സരത്തില്‍ നഷ്ടമായിരുന്നു. ഐഎസ്എല്‍ സംഘാടകരുടെ ഇരട്ടനീതിക്കെതിരേ പ്രതിഷേധം കൂടുതല്‍ കടുക്കുന്നതിന്റെ സൂചനയായി ഈ സംഭവത്തെ വിലയിരുത്താം.

ഇന്നലെ രാത്രിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം ഹര്‍മന്‍ജ്യോത് ഖബ്രയ്ക്ക് രണ്ടുമത്സരത്തിലെ വിലക്ക് നിലവില്‍ വന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഖബ്രയെ വിലക്കിയത്. എന്നാല്‍ മത്സരവും കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം ഇത്തരമൊരു നിലപാട് വന്നത് തന്നെ ദുരൂഹമാണ്. ഇതിനെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന് ഇനി കളിക്കാനുള്ളത് മുംബൈ സിറ്റി, എഫ്‌സി ഗോവ ടീമുകള്‍ക്കെതിരേയാണ്.

Related Articles

Leave a Reply

Back to top button