FootballISL

ഭാവി മുന്നില്‍ കണ്ടുള്ള നീക്കം, ദൗര്‍ബല്യം വിലയിരുത്തി കോച്ചിന്റെ ഇടപെടല്‍; ബ്ലാസ്റ്റേഴ്‌സിന്റെ മോണ്ടിനഗ്രോ മിഷന് പിന്നിലെ കാരണങ്ങള്‍ വ്യക്തം!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പാതിരാ സൈനിംഗും സ്വാതന്ത്ര ദിനവും ഒന്നിച്ച് ആഘോഷിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ആരാധകര്‍. മോണ്ടിനഗ്രോയിലും ബെലാറസിലും കേവലം 24 വയസിനിടയില്‍ പ്രതിഭ തെളിയിച്ചാണ് മിലോസ് ഡ്രിന്‍സിച്ച് എത്തുന്നത്.

മൂന്നുവര്‍ഷം വരെ നീട്ടാവുന്ന തരത്തിലുള്ള കരാറാണ് താരത്തിനായി ബ്ലാസ്റ്റേഴ്‌സ് നല്‍കിയിരിക്കുന്നത്. മിലോസിനെ കൊണ്ടു വരുന്നതിലൂടെ പ്രതിരോധത്തിലെ വിള്ളലുകള്‍ അടയ്ക്കുകയാണ് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് ലക്ഷ്യമിടുന്നത്.

പ്രതിരോധത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് ഭാവിയിലെ പകരക്കാരനാക്കാനും മാനേജ്‌മെന്റിന് മിലോസില്‍ പദ്ധതിയുണ്ട്. അത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് മികച്ചൊരു സൈനിംഗ് തന്നെയാണിത്.

കേവലം 24 വയസ് മാത്രമേയുള്ളുവെങ്കിലും ആവോളം പരിചയസമ്പത്ത് താരത്തിനുണ്ട്. ഇതു തന്നെയാണ് മിലോസിന്റെ പ്ലസ് പോയിന്റ്. ഓരോ സീസണ്‍ കഴിയുന്തോറും വിദേശ താരങ്ങളുടെ പ്രായത്തില്‍ കുറവു വരുത്തുകയാണ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെ ലക്ഷ്യമിടുന്നത്.

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 1.8 കോടി രൂപയാണ് ഈ താരത്തിന്റെ വിപണി മൂല്യം. മോണ്ടിനെഗ്രോയുടെ അണ്ടര്‍ 17, അണ്ടര്‍ 19, അണ്ടര്‍ 21 ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ഡ്രിന്‍സിച്ച്. ഇതിനകം മോണ്ടിനഗ്രോയിലെയും, ബെലാറസിലെയും മുന്‍ നിര ക്ലബ്ബുകള്‍ക്കായി 230 ലധികം മത്സരങ്ങള്‍ ഡ്രിന്‍സിച്ച് കളിച്ചിട്ടുണ്ട്.

ഏറ്റവും അവസാനം ബെലാറസ് ക്ലബ്ബായ ഷക്തര്‍ സൊലിഗോര്‍സ്‌കിന്റെ താരമായിരുന്നു അദ്ദേഹം. 2016 മോണ്ടിനഗ്രോ ക്ലബ്ബായ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്ഗ്രാഡിനായി കളിച്ചുകൊണ്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഡ്രിന്‍സിച്ച്.

ഇനി ഒരു വിദേശ താരത്തിന്റെ ഒഴിവുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്. ഒരു മുന്നേറ്റ താരമാകും ഈ സ്‌പോട്ടില്‍ വരുകയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ലാറ്റിനമേരിക്കന്‍ താരം ഗുസ്താവോ ബ്ലാങ്കോ ലെഷുകിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.

ഇപ്പോള്‍ സ്പാനിഷ് ക്ലബ്ബായ ഐബറിന് വേണ്ടി കളിക്കുന്ന താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ബിഡ് സമര്‍പ്പിച്ചെന്നാണ് വിവരം. ക്ലബ്ബ് കരിയറില്‍ മുന്നൂറിലധികം മത്സരങ്ങളുടെ പരിചയം അര്‍ജന്റൈന്‍ താരത്തിനുണ്ട്. കരാര്‍ കാര്യത്തില്‍ ഉടന്‍ വ്യക്തത വരുമെന്നാണ് വിവരം.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സമയമെടുത്താണ് പുതിയ സൈനിംഗുകള്‍ നടത്തിയത്. ഇന്ത്യന്‍ താരങ്ങളെ കൊണ്ടുവന്ന ടീമുകളുടെ പട്ടികയിലും ടീം വളരെ പിന്നിലാണെന്നതാണ് സത്യം.

എന്നിരുന്നാല്‍ തന്നെയും ഇത്തവണ ആദ്യ ആറില്‍ എത്താനുള്ള സംവിധാനമൊക്കെ നിലവില്‍ ബ്ലാസ്റ്റേഴ്‌സിന് സ്വന്തമായുണ്ട്. ഈസ്റ്റ് ബംഗാളും ഒഡീഷ എഫ്‌സിയുമൊക്കെ പണമെറിഞ്ഞ് തന്നെയാണ് ഇത്തവണ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇടപെട്ടത്.

Related Articles

Back to top button