FootballISL

വന്‍ ഡീലിന് തയാറെടുത്ത് ബ്ലാസ്‌റ്റേഴ്‌സ്; ‘വിശ്വസ്തന്റെ’ കൈമാറ്റത്തില്‍ കോടികള്‍ മറിയും!!

കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ താരകൈമാറത്തിലൂടെ കോടികളാണ് സ്വന്തമാക്കുന്നത്. സഹല്‍ അബ്ദുള്‍ സമദിനെ മോഹന്‍ ബഗാന് കൈമാറാന്‍ ഒരുങ്ങുന്ന മാനേജ്‌മെന്റ് 2.5 കോടി രൂപയെങ്കിലും ആ കച്ചവടത്തിലൂടെ സ്വന്തമാക്കും.

മറ്റ് ചില താരങ്ങളെയും ടീം ഈ സീസണില്‍ ടീമില്‍ നിന്നു പറഞ്ഞു വിട്ടിരുന്നു. ഇത്തരത്തില്‍ യുവതാരങ്ങളെ വിറ്റഴിക്കുന്നതിലൂടെ സാമ്പത്തികനില കൃത്യമാണെന്ന് ഉറപ്പുവരുത്താനുള്ള നീക്കവും മാനേജ്‌മെന്റ് ഭാഗത്തു നിന്നും വരുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയ ഡിമാന്റാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം യുവതാരം സഞ്ജീവ് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരെ ടീം വിറ്റിരുന്നു. ഈ ഡീലിലുടെ വലിയൊരു ലാഭം നേടാനും കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ അടുത്ത ഡീലുമായി ടീം എത്തിയിരിക്കുന്നു. ഗോള്‍കീപ്പര്‍ പ്രഭുക്ഷാന്‍ ഗില്ലിനെ വില്ക്കാനാണ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നു തന്നെയുള്ള ഈസ്റ്റ് ബംഗാളാണ് ഗില്ലിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

ഗില്ലിന് പുതിയ കരാര്‍ നല്‍കി കേരളത്തില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഗില്ലിന് ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകാനായിരുന്നു ഇഷ്ടം. ഈ അവസരത്തിലാണ് ഈസ്റ്റ് ബംഗാള്‍ താരത്തെ സമീപിക്കുന്നത്.

ഈസ്റ്റ് ബംഗാള്‍ പോലൊരു ഇതിഹാസ ക്ലബിലേക്ക് വരാന്‍ ഗില്ലിനെ കൊണ്ട് മനസുമാറ്റിക്കാനും കൊല്‍ക്കത്തന്‍ ക്ലബിനായി. ഈ സീസണ്‍ അവസാനം വരെ ഗില്ലിന് ബ്ലാസ്റ്റേഴ്‌സില്‍ കരാറുണ്ടായിരുന്നു.

1.5 കോടി രൂപയോളം നല്കിയാണ് ഗില്ലിനെ ഈസ്റ്റ് ബംഗാള്‍ റാഞ്ചുന്നതെന്നാണ് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഒരു ഗോള്‍കീപ്പര്‍ക്ക് കിട്ടുന്ന റിക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായിരിക്കും ഇത്.

കരണ്‍ജിത്ത് സിംഗിന്റെ കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. ഗില്‍ പോയേക്കുമെന്ന സൂചനകള്‍ മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം. ഒപ്പം സച്ചിന്‍ സുരേഷും ഗോള്‍കീപ്പറായിട്ട് ടീമിലുണ്ട്. സച്ചിന് കൂടുതല്‍ അവസരങ്ങള്‍ ഇത്തവണ കിട്ടും.

അതേസമയം, സഹല്‍ അബ്ദുള്‍ സമദ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്സിലേക്ക് പോകുമ്പോള്‍ അവിടെ നിന്ന് പ്രിതം കോട്ടല്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കും എന്നാണ് സൂചന. പ്രിതം കോട്ടല്‍ 2025 മേയ് 31 വരെ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയ്ന്റ്സുമായി കരാര്‍ പുതുക്കിയിരുന്നു.

അതിനിടെ 22 കാരനായ സെന്റര്‍ ബാക്ക് റൂയിവ ഹോര്‍മിപാം കേരള ബ്ലാസ്റ്റേഴ്സ് വിടില്ലെന്ന് ഏകദേശം ഉറപ്പായി. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റൂയിവ ഹോര്‍മിപാമിനെ കൈമാറി പകരം മറ്റൊരു താരത്തിനെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നടന്നില്ല.

കഴിഞ്ഞ വര്‍ഷം റൂയിവ ഹോര്‍മിപാമുമായി കേരള ബ്ലാസ്റ്റേഴ്സ് കരാര്‍ പുതുക്കിയിരുന്നു. പുതിയ കരാര്‍ പ്രകാരം റൂയിവ ഹോര്‍മിപാം 2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. 2021 മുതലാണ് റൂയിവ ഹോര്‍മിപാം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരമായത്. ഇന്ത്യന്‍ ആരോസില്‍ നിന്നായിരുന്നു റൂയിവ ഹോര്‍മിപാം കേരളത്തിലേക്ക് എത്തിയത്.

Related Articles

Back to top button