Football

മെസിയുടെ പരിക്ക് പ്രാങ്ക്; അര്‍ജന്റൈന്‍ താരങ്ങള്‍ ഞെട്ടി…

കൂട്ടുകാരെ പ്രാങ്ക് (അഭിനയിച്ച് കബളിപ്പിക്കുക) ചെയ്യുക എന്നത് അടുത്തനാളിലെ ഏറ്റവും ട്രെന്‍ഡിംഗ് പരിപാടികളില്‍ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ പ്രാങ്ക് തകര്‍ത്ത് അരങ്ങേറി. ഫിഫ ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റൈന്‍ ടീം ക്യാമ്പില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഒരു പ്രാങ്ക് നടത്തി. സംഭവത്തില്‍ മെസിയുടെ സഹതാരങ്ങള്‍ കുടുങ്ങുകയും ചെയ്തു.

ഗോളടിക്കാനും അടിപ്പിക്കാനും മാത്രമല്ല, മികച്ചരീതിയില്‍ അഭിനയിക്കാനും തനിക്ക് സാധിക്കും എന്നു തെളിയിരുക്കുന്നതായിരുന്നു മെസിയുടെ പ്രാങ്ക്. സംഭവം ഇങ്ങനെ: തിങ്കളാഴ്ച രാവിലെ മുതലാണ് അര്‍ജന്റീനയുടെ ലോകകപ്പ് ടീം ക്യാമ്പ് ആരംഭിച്ചത്. അബുദാബിയില്‍ ആണ് അര്‍ജന്റീനയുടെ ക്യാമ്പ്.

ഫ്രഞ്ച് ക്ലബ്ബായി പിഎസ്ജിയുടെ താരം ലയണല്‍ മെസിയും യുവന്റസ് താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ലിയൊനാര്‍ഡൊ പരേഡെസും എന്നിവര്‍ തിങ്കളാഴ്ച രാവിലെയാണ് അബുദാബിയില്‍ എത്തിയത്. ഉച്ചകഴിഞ്ഞ് ടീമിനൊപ്പം മെസി പരിശീലനത്തിനായി മൈതാനത്ത് ഇറങ്ങി.

പരിശീലനത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ചുറി പറ്റിയതായി അഭിനയിച്ച് മെസി തന്റെ പിന്‍തുടയില്‍ പിടിച്ചു. അതുകണ്ട് സഹതാരങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും അടുത്ത നിമിഷം മെസിക്ക് ചിരി അടക്കാനായില്ല. മെസിയുടെ അടുത്തേക്ക് വേഗം എത്തിയ റോഡ്രിഗൊ പോളിനും ഇതുകണ്ട് ചിരിപൊട്ടി.

ലോകകപ്പിനായി ഖത്തറിലേക്ക് പറക്കുന്നതിനു മുമ്പ് ബുധനാഴ്ച യുഎഇയ്ക്ക് എതിരേ അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരം ഉണ്ട്. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന 2022 ഫിഫ ഖത്തര്‍ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ്. 1978, 1986 വര്‍ഷങ്ങളിലാണ് അര്‍ജന്റീന മുമ്പ് ലോകകപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്.

ഇതിഹാസ താരം ഡിയേഗൊ മാറഡോണയുടെ നേതൃത്വത്തിലായിരുന്നു അര്‍ജന്റീനയുടെ അവസാന ലോകകപ്പ് നേട്ടം. മാറഡോണയുടെ മരണശേഷം നടക്കുന്ന ആദ്യ ലോകകപ്പാണ് 2022 ഖത്തര്‍ ലോകകപ്പ്. ഖത്തറില്‍ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട് ടീമുകള്‍ക്ക് ഒപ്പമാണ് അര്‍ജന്റീന. 22ന് സൗദി അറേബ്യയ്ക്ക് എതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. തുടര്‍ച്ചയായി 35 മത്സരങ്ങളില്‍ തോല്‍വി അറിയാതെ നില്‍ക്കുകയാണ് ലിയോണല്‍ സ്‌കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീന.

 

Related Articles

Back to top button