FootballISL

ഡബിള്‍ പ്രമോഷന്‍ ടീമുകള്‍ ഐഎസ്എല്ലിലേക്ക്? വമ്പന്‍ തീരുമാനവുമായി സംഘാടകര്‍!!

അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൂടുതല്‍ ടീമുകള്‍ വരുമോ? ലഭിക്കുന്ന സൂചനകള്‍ പ്രകാരം അടുത്ത സീസണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീസണ്‍ ആയിരിക്കും.

കൂടുതല്‍ ടീമുകളെ എത്തിച്ച് ടീമുകളുടെ എണ്ണം 16 ല്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ തന്നെയാണ് വ്യക്തമാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് കൊല്‍ക്കത്ത ബേസ് ചെയ്താണ് പുതിയ നീക്കങ്ങള്‍ വരുന്നത്.

ഇത്തവണത്തെ ഐലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബിനൊപ്പം മറ്റൊരു ടീം കൂടി ഐഎസ്എല്ലിലേക്ക് വരുമെന്നാണ് വിവരം. അത് കൊല്‍ക്കത്തയില്‍ നിന്നുള്ള മൊഹമ്മദന്‍സ് സ്‌പോര്‍ട്ട് ക്ലബ് ആയിരിക്കുമെന്നും വിവരമുണ്ട്.

ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ക്ക് നല്‌കേണ്ട 15 കോടി രൂപ നല്‍കാന്‍ മൊഹമ്മദന്‍സ് മാനേജ്‌മെന്റിന് താല്പര്യമാണെന്ന് കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കല്യാണ്‍ ചൗബെ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തി മൊഹമ്മദന്‍സ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍ട്രി ഫീ നല്‍കി ഐഎസ്എല്ലിലേക്ക് എത്തുന്നതിനെപ്പറ്റി ചര്‍ച്ച നടന്നതായി ചൗബെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഐഎസ്എല്‍ ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ റൗണ്ട്ഗ്ലാസ് പഞ്ചാബ് ഈ സീസണില്‍ ഡല്‍ഹി കേന്ദ്രീകരിച്ചാകും കളിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബിലെ സ്റ്റേഡിയത്തില്‍ വേണ്ടത്ര നിലവാരം ഇല്ലാത്തതിനാലാണിത്.

ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 16 ആയതിന് ശേഷമെ തരംതാഴ്ത്തല്‍ തുടങ്ങുകയുള്ളു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഏഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ തന്നെയാണ് ഇത്തരമൊരു സൂചന നല്‍കിയത്.

മാര്‍ക്കറ്റിങ് പാട്‌നര്‍മാരുമായി ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ലീഗില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം 16 ആയതിന് ശേഷം തരംതാഴ്ത്തല്‍ നടപ്പാക്കാനുള്ള ആലോചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ചൗബെ വിശദീകരിച്ചു.

അടുത്ത സീസണ്‍ മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനു പകരം സ്‌പോര്‍ട്‌സ് 18 ചാനലാകും ഐഎസ്എല്‍ സംപ്രേക്ഷണം ചെയ്യുക. സ്റ്റാര്‍ ഈ വര്‍ഷം മുതല്‍ കരാറില്‍ നിന്നും പിന്മാറിയെന്നാണ് വിവരം. റിലയന്‍സിന്റെ ചാനലാണ് സ്‌പോര്‍ട്‌സ് 18.

Related Articles

Back to top button