Cricket

അര്‍ജന്റീനയെ ചാരമാക്കി അമേരിക്കയുടെ അടിയോടടി!! 450 റണ്‍സ് ജയത്തില്‍ നാണംകെട്ട് ലാറ്റിനമേരിക്കക്കാര്‍!!

അര്‍ജന്റീന ക്രിക്കറ്റില്‍ വലിയ ശക്തികളൊന്നുമല്ല. എന്നാല്‍ അടുത്ത കാലത്തായി ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ക്രിക്കറ്റിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ട്. ഐസിസി ട്വന്റി-20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉള്‍പ്പെടെ അവര്‍ കളിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ക്രിക്കറ്റ് ലോകത്തെ വലിയൊരു തോല്‍വി നേരിട്ടിരിക്കുകയാണ് അര്‍ജന്റീനയുടെ അണ്ടര്‍ 19 നിര. യുഎസ്എയ്‌ക്കെതിരായ അണ്ടര്‍ 19 ലോകകപ്പ് യോഗ്യത റൗണ്ടിലാണ് 450 റണ്‍സിന്റെ തോല്‍വി അവര്‍ ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റുചെയ്ത യുഎസ്എ റിക്കാര്‍ഡ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ 8 വിക്കറ്റിന് 515 റണ്‍സ്. മറുപടി ബാറ്റിംഗില്‍ വെറും 19.5 ഓവറില്‍ 65 റണ്‍സിന് യുഎസ്എ ഒതുങ്ങി. അണ്ടര്‍ 19 വിഭാഗത്തിലെ ഏറ്റവും വലിയ ജയങ്ങളിലൊന്നാണ് അമേരിക്ക നേടിയത്.

അമേരിക്കയ്ക്കായി രണ്ട് താരങ്ങള്‍ സെഞ്ചുറി നേടി. ബവ്യ മെഹ്ത 91 പന്തില്‍ 136 റണ്‍സും ക്യാപ്റ്റന്‍ റിഷി രമേഷ് 59 പന്തില്‍ 100 റണ്‍സും അടിച്ചെടുത്തു. യുഎസ്എ നിരയില്‍ കളിച്ച 11 പേരില്‍ എട്ടുപേരും ഇന്ത്യന്‍ വംശജരാണ്. മൂന്നുപേര്‍ ശ്രീലങ്കന്‍ വേരുകളുള്ളവരും.

അര്‍ജന്റീന ടീമില്‍ പക്ഷേ കളിച്ചവരെല്ലാം അര്‍ജന്റീന സ്വദേശികളാണ്. അവരുടെ ക്രിക്കറ്റില്‍ വളര്‍ന്നു വരുന്നവരിലേറെയും തദ്ദേശീയരാണെന്നത് ശ്രദ്ധേയമാണ്. ഒട്ടുമിക്ക യൂറോപ്യന്‍ ടീമുകളിലും ഏഷ്യക്കാരാണ് കളിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമാണ് അര്‍ജന്റീന.

നിലവില്‍ ഐസിസി ട്വന്റി-20 റാങ്കിംഗില്‍ 47 -ാം സ്ഥാനത്താണ് അര്‍ജന്റീന. ഫുട്‌ബോളില്‍ അര്‍ജന്റീന നമ്പര്‍ വണ്‍ ആണെങ്കിലും ക്രിക്കറ്റ് ആണ് ആ രാജ്യത്ത് ആദ്യം കളിച്ചു തുടങ്ങിയതെന്നതാണ് ചരിത്ര സത്യം. ബ്രിട്ടീഷുകാരുടെ വലിയ സാന്നിധ്യമാണ് ഒരുകാലത്ത് അര്‍ജന്റീനയിലെ ക്രിക്കറ്റിനെ നട്ടുപരിപാലിച്ചത്.

എന്നാല്‍ പിന്നീട് ബ്രിട്ടീഷ് സാന്നിധ്യം കുറഞ്ഞതോടെ ക്രിക്കറ്റ് കളിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. ഇപ്പോള്‍ പക്ഷേ കാര്യങ്ങള്‍ മാറുന്നുണ്ട്. രാജ്യത്ത് നിരവധി പേര്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. മിക്ക ടീമുകളിലും കളിക്കുന്നവരില്‍ ഏറെയും തദ്ദേശീയരായ അര്‍ജന്റീനക്കാരാണ്.

പുറത്തു നിന്ന് കുടിയേറിയവര്‍ പല ടീമുകളിലും കുറവാണ്. ക്രിക്കറ്റ് പ്രാദേശികമായി അര്‍ജന്റീനയില്‍ വളരാന്‍ തുടങ്ങിയെന്നതിന്റെ ഉദാഹരണമാണിത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഇപ്പോള്‍ മികച്ച ടീമുകളിലൊന്നാണ് അര്‍ജന്റീന.

വരും വര്‍ഷങ്ങളില്‍ ലോക ക്രിക്കറ്റില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അടുത്തിടെ ക്രിക്കറ്റിന് മാത്രമായി മൂന്നോളം ഗ്രൗണ്ടുകള്‍ അര്‍ജന്റീനയില്‍ നിര്‍മിച്ചിരുന്നു.

Related Articles

Back to top button