FootballISL

നാലടി ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയല്ല, കണ്ണുതുറപ്പിക്കുന്ന രാത്രി!!

മുംബൈ സിറ്റിയോട് ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാമതും വലിയ തോല്‍വിയേറ്റു എന്നത് നേരു തന്നെ. എന്നാല്‍ ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാനമോ ലോകാവസാനമോ ഒന്നുമല്ല. ലീഗില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന ഒരു ടീമിനോട് കളിച്ചു തോറ്റത് വലിയ പാഠവും ഉള്‍ക്കാഴ്ച്ച നല്‍കുന്നതുമായി കണ്ടാല്‍ മതി.

ബ്ലാസ്റ്റേഴ്‌സിന്റെ ബെഞ്ച് സ്ട്രംഗ്ത്ത് എത്രത്തോളം ഉണ്ടെന്നത് പരിശോധിക്കാന്‍ ഇവാന്‍ വുക്കുമനോവിച്ചിന് കിട്ടിയ അവസരം കൂടിയായിരുന്നു മുംബൈയ്‌ക്കെതിരായ മല്‍സരം. ജയിച്ചാല്‍ പോലും ഷീല്‍ഡ് ഇത്തവണ കിട്ടുകയെന്നത് അത്ര വലിയ എളുപ്പമായിരുന്നില്ല.

ടീമിന്റ ദൗര്‍ബല്യം കൃത്യമായി തിരിച്ചറിയാനും തിരുത്താനും മുംബൈ അരീനയിലെ തോല്‍വി വഴിയൊരുക്കും. പ്രതിരോധത്തില്‍ ഇത്തവണ ഒന്നോ രണ്ടോ താരങ്ങള്‍ മാറിയാല്‍ ടീമിന്റെ ശക്തി ചോരുമെന്ന് മുംബൈ കാണിച്ചു തന്നു. പ്ലേഓഫ് വരും മുമ്പ് ഈ ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ വുക്കുമനോവിച്ചിന് പ്രതിരോധത്തില്‍ ഏറെയുണ്ട്.

ബ്ലാസ്‌റ്റേഴ്‌സ് കളിയുടെ തുടക്കത്തില്‍ ഗോളുകള്‍ വഴങ്ങുന്ന രീതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ മറ്റ് പല പ്രശ്‌നങ്ങളും പരിഹരിച്ചപ്പോഴും ഇതുപോലെ പെട്ടെന്നുള്ള ഗോളുകള്‍ പ്രശ്‌നമാകുന്നുണ്ട്.

എത്രയും പെട്ടെന്ന് പരിഹരിക്കേണ്ട മറ്റൊന്നു കൂടിയുണ്ട്. അനാവശ്യമായി കാര്‍ഡുകള്‍ വാങ്ങിക്കൂട്ടാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളുടെ മനോഭാവം. ഇക്കാര്യത്തില്‍ ആരോടൊക്കെയോ മല്‍സരിക്കും പോലെയാണ് കെപി രാഹുല്‍ അടക്കമുള്ള ചില താരങ്ങളുടെ സമീപനം.

തീര്‍ച്ചയായും മാറ്റപ്പെടേണ്ട മനോഭാവം തന്നെയാണിത്. കളിക്കാരുടെ അമിതമായ അഗ്രസീവ് മൈന്‍ഡ് സെറ്റ് ടീമിന് തിരിച്ചടിയാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് തന്നെ ശ്രദ്ധിക്കണം.

Related Articles

Back to top button