Football

തുളയുള്ള സോക്സുമായി സാക്ക, കാരണം കൈയില്‍ പൈസയില്ലാത്തത് അല്ലേയല്ല!

ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് ഇംഗ്ലണ്ടിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ആയ ബുക്കായൊ സാക്ക. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി രണ്ട് മത്സരങ്ങളില്‍നിന്ന് രണ്ട് ഗോള്‍ 21കാരനായ സാക്ക സ്വന്തമാക്കുകയും ചെയ്തു. അതില്‍ ഏറ്റവും ശ്രദ്ധേയം ഇറാന് എതിരായ ഇരട്ട ഗോള്‍ ആയിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ബുക്കായൊ സാക്ക തുളയുള്ള സോക്സ് അണിഞ്ഞാണ് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. സാക്കയുടെ തുളയുള്ള സോക്സിനു പിന്നില്‍ ഒരു കാര്യമുണ്ട്…

തുളയുള്ള സോക്സ് കാലിലെ മസില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല എന്നാണ് കണ്ടെത്തല്‍. കളിക്കാരുടെ ഫിറ്റ്നസിന് ഇത് സഹായകമാകും എന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇറാന് എതിരായ മത്സരത്തിലായിരുന്നു സാക്ക തുളയുള്ള സോക്സുമായി മൈതാനത്ത് ഇറങ്ങിയത്.

യുഎസ്എയ്ക്ക് എതിരായ രണ്ടാം മത്സരത്തിലും സാക്ക തുളയുള്ള സോക്സ് ആണ് ധരിച്ചത്. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ സാക്ക ഇറങ്ങിയില്ല. 2020 യൂറോ കപ്പിലും സാക്ക ഇത്തരത്തില്‍ തുളയുള്ള സോക്സുമായി കളത്തില്‍ എത്തിയിരുന്നു.

2020 ഒക്ടോബറിലാണ് സാക്ക ഇംഗ്ലണ്ട് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ആകെ 22 മത്സരങ്ങളില്‍ ഇംഗ്ലീഷ് ജഴ്സി അണിഞ്ഞു, ആറ് ഗോള്‍ സ്വന്തമാക്കി. നൈജീരിയന്‍ വംശജനായ സാക്ക ക്ലബ് ഫുട്ബോളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്സണലിനുവേണ്ടിയാണ് കളിക്കുന്നത്. 2022-23 സീസണില്‍ ആഴ്സണലിനായി 20 മത്സരങ്ങളില്‍ അഞ്ച് ഗോളും ആറ് അസിസ്റ്റും സാക്ക നടത്തി.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായ സെനഗല്‍ ആണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം ഡിസംബര്‍ നാല് അര്‍ധരാത്രി 12.30നാണ് ഇംഗ്ലണ്ട്-സെനഗല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

Related Articles

Back to top button