Football

കപ്പടിച്ചത് അര്‍ജന്റീന, കോളടിച്ചത് ജിയോയ്ക്കും!! വാരിക്കൂട്ടി!!

ഇത്തവണത്തെ ഫിഫ ലോകകപ്പ് കിരീടം അര്‍ജന്റീന നേടിയപ്പോള്‍ അത് ലോകമെങ്ങും ഈ നൂറ്റാണ്ടില്‍ ആളുകള്‍ കണ്ട ഏറ്റവും വലിയ കായികമാമാങ്കമായി മാറി. ലോകകപ്പിന്റെ ആവേശത്തില്‍ ഇന്ത്യയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് റിലയന്‍സിന്റെ ജിയോ ഗ്രൂപ്പാണ്.

ജിയോ സിനിമയിലൂടെയാണ് ലോകകപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോം സംപ്രേക്ഷണം നടത്തിയിരുന്നത്. റിക്കാര്‍ഡ് കാഴ്ച്ചക്കാരെയും അതിലേറെ ഡൗണ്‍ലോഡ്‌സും സ്വന്തമാക്കാന്‍ ജിയോ സിനിമയ്ക്ക് സാധിച്ചു.

ആപ്പ് ആന്നി എന്ന ആപ്പ് അനലിസ്റ്റിക്കല്‍ ഏജന്‍സിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ ലോകകപ്പ് കാലയളവില്‍ നടന്ന ആപ്പ് ഡൗണ്‍ലോഡ്‌സിന്റെ മൂന്നിലൊന്നും ജിയോ സിനിമാസിന് ആയിരുന്നു. ആകെ ചെയ്യപ്പെട്ട ഡൗണ്‍ലോഡ്‌സിന്റെ 29 ശതമാനം വരുമിത്.

ലോകകപ്പിലെ മല്‍സരങ്ങള്‍ 4കെ മികവില്‍ വിവിധ ഭാഷകളിലൂടെയാണ് ജിയോ സിനിമാസ് ആരാധകരിലെത്തിച്ചത്. സൗജന്യമായിട്ടായിരുന്നു സംപ്രേക്ഷണമെന്നത് സ്വീകാര്യത വര്‍ധിപ്പിച്ചു. ആദ്യ ദിവസം അപ്രതീക്ഷിത ജനബാഹുല്യം കാരണം ആപ്പ് ഡൗണ്‍ ആയെങ്കിലും പിന്നീട് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മികച്ച ആസ്വാദം നല്‍കാന്‍ ജിയോയ്ക്ക് സാധിച്ചു.

സൗജന്യമായിട്ടായിരുന്നു സംപ്രേക്ഷണം എങ്കിലും പരസ്യ വരുമാനത്തിലൂടെ കോടികള്‍ നേടാന്‍ ജിയോയ്ക്ക് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ലോകകപ്പായും ഖത്തര്‍ മാറി. ഇന്ത്യയിലെ ഫുട്‌ബോള്‍ വിപണി എത്രത്തോളം വലുതാണെന്ന് പരസ്യദാതാക്കള്‍ക്ക് മനസിലാക്കി കൊടുക്കാനും ലോകകപ്പിന് സാധിച്ചു.

അതേസമയം, ലോകകപ്പ് ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ കണ്ടവരുടെ റേറ്റിംഗില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. അസമും സിക്കിമും ഉള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് മേഖലയാണ് മുന്നില്‍. 2.84 ആണ് അവിടുത്തെ ടിവി റേറ്റിംഗ്. കേരളം തൊട്ടുപിന്നില്‍ 2.83 റേറ്റിംഗുമായി രണ്ടാമത്. ബംഗാള്‍ (1.02), തമിഴ്‌നാട് (0.13) എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍.

Related Articles

Back to top button